വിതുര: ദുരിതത്തിന്റെ ചിമ്മിനിവെട്ടത്തില്നിന്ന് മൂന്ന് ആദിവാസി സെറ്റില്‍മെന്റുകള്‍ക്ക് ശാപമോക്ഷം. വിതുര ഗ്രാമപ്പഞ്ചായത്തിലെ മരുതാമല വാര്‍ഡില്‍പ്പെട്ട വലിയകാല, ചാത്തന്‍കോട്ട് - ചെമ്മണ്‍കാല, പേപ്പാറ വാര്‍ഡ്, പൊടിയക്കാല എന്നീ സെറ്റില്‍മെന്റുകളിലാണ് വൈദ്യുതീകരണത്തിനുള്ള തടസ്സം നീങ്ങിയത്. ഈ ഊരുകളില്‍ വൈദ്യുതിയെത്തിക്കാന്‍ വനഭൂമി വിട്ടുകൊടുക്കുന്നതിന് ഡി.എഫ്.ഒ. ഉത്തരവിട്ടതായി വിതുര ഗ്രാമപ്പഞ്ചായത്തംഗം ഗിരീഷ്കുമാര്‍ അറിയിച്ചു.
ആദിവാസി സെറ്റില്‍മെന്റുകളില്‍ വൈദ്യുതീകരണത്തിന് ഒരു ഹെക്ടര്‍ വരെ വനഭൂമി വിട്ടുകൊടുക്കാന്‍ വനാവകാശനിയമത്തില്‍ വ്യവസ്ഥയുണ്ട്. ഇതനുസരിച്ചാണ് പൊടിയക്കാലയില്‍ വൈദ്യുതിയെത്തിക്കാന്‍ 0.675, വലിയകാലയ്ക്ക് 0.98, ചാത്തന്‍കോട്ട് - ചെമ്മന്കാലയ്ക്ക് 0.63-ഉം ഹെക്ടര്‍ വീതം ഭൂമി വിട്ടുനല്‍കാന്‍ ഡി.എഫ്.ഒ. പി.പുകഴേന്തി വ്യാഴാഴ്ച ഉത്തരവിട്ടത്. കെ.എസ്.ഇ.ബി.യ്ക്ക് തുക അടയ്ക്കുന്നതുള്‍പ്പെടെയുള്ള എല്ലാ നടപടിക്രമങ്ങളും നേരത്തെ പൂര്‍ത്തിയായിരുന്നു. വനംവകുപ്പിന്റെ അനുമതി മാത്രം കാത്താണ് ഈ ഊരുകളിലെ കുടുംബങ്ങള്‍ മാസങ്ങള്‍ കഴിച്ചുകൂട്ടിയത്.
സെറ്റില്‍മെന്റുകള്‍ പ്രകാശിതമാവുന്നതോടെ കാട്ടുമൃഗങ്ങളുടെ ശല്യത്തിന് ചെറിയൊരു കുറവുണ്ടാകുമെന്ന് ആദിവാസികള്‍ പ്രതീക്ഷിക്കുന്നു. മൊബൈല്‍ഫോണ്‍ ചാര്‍ജ് ചെയ്യാന്‍പോലും കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ട അവസ്ഥയും മാറും. വിദ്യാര്‍ഥികളുടെ കാത്തിരിപ്പിനും അവസാനമാകും. മണലി വാര്‍ഡിലെ കല്ലന്കുടിയിലും മറ്റും സംഭവിച്ചതുപോലെ വൈദ്യുതിത്തൂണുകള്‍ കാട്ടാന മറിച്ചിടുന്നത് ഒഴിവാക്കാന്‍ നിശ്ചിത ഉയരത്തില്‍ തൂണിന് ചുറ്റും മുള്ളുവേലി സ്ഥാപിക്കണമെന്ന് ആദിവാസികള്‍ ആവശ്യപ്പെടുന്നു.


