പാലോട്: വീടിന് മുന്നില്‍ മദ്യപിച്ചത് എതിര്‍ത്തതിന് ഗൃഹനാഥനെ പത്തംഗ സംഘം മര്‍ദ്ദിച്ചു. ഈ സംഘത്തില്‍നിന്നും രക്ഷിക്കണമെന്നുകാട്ടി പോലീസിനും മുഖ്യമന്ത്രിക്കും പരാതി നല്‍കിയതിന്റെ പേരില്‍ വീട്ടമ്മയെ പട്ടാപ്പകല്‍ വീട്ടില്‍കയറി മര്‍ദ്ദിച്ചവശയാക്കി. ഒരുമാസത്തിനിടെ മൂന്നുതവണ ഭാര്യയേയും ഭര്‍ത്താവിനെയും അടിച്ചവശരാക്കി മെഡിക്കല്‍കോളേജ് ആസ്പത്രിയിക്കിലായിട്ടും പാലോട് പോലീസ് കേസ്സെടുത്തില്ലെന്ന് പരാതി. പെരിങ്ങമ്മല കണ്ണന്‍കോട് രാജേന്ദ്രനും ഭാര്യ റീത്തയുമാണ് പരാതിക്കാര്‍.
നിരവധി കേസ്സുകളിലെ പ്രതികളായ ഒരുസംഘം സാമൂഹ്യവിരുദ്ധരാണ് സംഭവത്തിന് പിന്നില്‍. രോഗിയായ രാജേന്ദ്രനും ഭാര്യയും രണ്ട് മക്കളും താമസിക്കുന്ന വീട്ടിലാണ് കഴിഞ്ഞദിവസം ഇവര്‍ കടന്നുകയറി അക്രമം നടത്തിയത്. റീത്തയെ മര്‍ദ്ദിക്കുകയും അപമാനിക്കുകയും ചെയ്തു. മക്കള്‍ നിലവിളിയോടെ പുറത്തേക്കോടി. അടിയേറ്റ് അബോധാവസ്ഥയിലായ റീത്തയെ ആദ്യം പാലോട് പോലീസ് സ്റ്റേഷനിലെത്തിച്ചു. അവിടെനിന്ന് മെഡിക്കല്‍കോളേജ് ആസ്പത്രിയിലേക്കും.
ഇതിനിടെ ഇതേ സംഘം സമീപത്തെ രണ്ട് വീടുകളില്‍ കയറിയും സ്ത്രീകളെ ഉപദ്രവിച്ചു. അഞ്ചംഗസംഘത്തില്‍ ഒരാളുടെ വീട് കേന്ദ്രീകരിച്ച് വ്യാജവാറ്റും മണല്‍കടത്തും നടത്തുന്നുണ്ട്. സ്ഥിതി രൂക്ഷമായിട്ടും പ്രതികളെ പിടികൂടുന്നതിനോ, ശിക്ഷാനടപടി സ്വീകരിക്കുന്നതിനോ പോലീസിന് താത്പര്യമില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

