വര്‍ക്കല: പാപനാശത്തുനിന്നു ജോലി കഴിഞ്ഞു മടങ്ങിയ സ്ത്രീയെ കാറില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ കഴിഞ്ഞ ദിവസം പൊലീസിന്റെ പിടിയിലായ രണ്ടുപേരെ റിമാന്‍ഡ് ചെയ്തു.
ഭരതന്നൂര്‍ മൈലംമൂട് കവിത ഭവനില്‍ പ്രവീണ്‍(31), മൈലംമൂട് സജീറ മന്‍സിലില്‍ നജിമുദീന്‍(32) എന്നിവരെ കഴിഞ്ഞ ദിവസം തന്നെ ആലംകോടിനു സമീപം വച്ചു കാറില്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയായിരുന്നു പിടികൂടിയത്. ചിറയിന്‍കീഴ് പണ്ടാരശാല മുക്കോലയ്ക്കല്‍ പറമ്പില്‍ വീട്ടില്‍ ഉഷ(38)യെയാണു തട്ടിക്കൊണ്ടുപോകാന്‍ പ്രതികള്‍ ശ്രമം നടത്തിയത്.
തിങ്കളാഴ്ച വൈകിട്ടു പാപനാശം ഹെലിപ്പാഡിനു സമീപത്തെ റിസോര്‍ട്ടിലെ ജോലി കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു ഉഷയെ കാറിലെത്തി തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടത്തിയത്. ഇതു തടയാന്‍ ശ്രമിച്ച വിദേശിയെ കാറുകൊണ്ട് ഇടിച്ചിടുകയും ചെയ്തിരുന്നു.
പ്രതികളിലൊരാള്‍ നേരത്തെതന്നെ ഉഷയോടു വിവാഹാഭ്യര്‍ഥന നടത്തിയിരുന്നതായി സൂചനയുണ്ട്. തട്ടിക്കൊണ്ടു പോകല്‍, മാനഭംഗപ്പെടുത്താന്‍ ശ്രമം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണു കേസ് റജിസ്റ്റര്‍ ചെയ്തിട്ടുളളത്. ഹെലിപ്പാഡില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ വര്‍ക്കല പൊലീസ് പിന്തുടര്ന്നെങ്കിലും ആലംകോടിനു സമീപം പട്രോളിങ് നടത്തുകയായിരുന്ന ആറ്റിങ്ങല്‍ ട്രാഫിക് പൊലീസ് എസ്ഐ: സുകുമാറിന്റെ നേതൃത്വത്തിലാണു പിടികൂടിയത്.


