പാലോട്: റോഡ് നന്നാക്കിക്കിട്ടിയപ്പോള് ഇതാ പൈപ്പ് പൊട്ടി വീണ്ടും റോഡ് തകര്‍ന്നു.......ഇനി പൈപ്പ് നന്നാക്കിയാലോ, അതിന്റെ കുഴി ടാര്‍ ചെയ്യാതെ മാസങ്ങളോളം കിടക്കും. ഇതു പേരക്കുഴി ഭാഗത്തു ശാപമായി മാറിയിരിക്കുകയാണ്. ചെങ്കോട്ട റോഡില്‍ പേരക്കുഴി ബിആര്‍സിക്കും എല്‍പി സ്കൂളിനും മുന്നിലാണു പൈപ്പ് പൊട്ടി റോഡ് വീണ്ടും തകര്‍ന്നത്. ഒരാഴ്ച മുന്‍പാണ് ഇവിടെ പൈപ്പ് പൊട്ടിയത്. യാതൊരു നടപടിയും സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകാത്തതുമൂലം റോഡിലുണ്ടായ ചെറിയ വിള്ളല്‍ വലുതായി റോഡ് തകര്‍ന്നു.
ജലപ്രവാഹമായതോടെ വാഹനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും ദുരിതമായി. അടുത്തിടെ കെഎസ്ടിപിയുടെ നേതൃത്വത്തില്‍ ലോക ബാങ്ക് പദ്ധതിയില്‍ നവീകരിച്ച റോഡാണു തകര്‍ന്നത്. അതേസമയം പേരക്കുഴി ഭാഗത്തു പൈപ്പ് പൊട്ടുന്നതു തുടര്‍ക്കഥയാണ്. മാസത്തില്‍ ഒരു തവണയെങ്കിലും ഇവിടെ പൈപ്പ് പൊട്ടും. നന്നാക്കലിന്റെ അശാസ്ത്രീയതയും ഉപയോഗിക്കുന്ന സാധനങ്ങളുടെ ഗുണനിലവാരമില്ലായ്മയുമാണ് അടിക്കടി പൈപ്പ് പൊട്ടുന്നതിനു കാരണമെന്നും ഇതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.


