വിതുര: നന്ദിയോട്-വിതുര റോഡ് നിര്‍മാണത്തിലെ ക്രമക്കേടുകളെ കുറിച്ചു സമഗ്രമായി അന്വേഷിക്കണമെന്നു പ്രവാസി റിട്ടേണീസ് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നന്ദിയോട് മുതല്‍ ചെറ്റച്ചല്‍ വരെ റോഡ് ടാറിങ് വേണ്ടത്ര നിര്‍മാണസാമഗ്രികള്‍ ഉപയോഗിക്കാതെയാണു നടന്നതെന്നും ടാറിങ്ങിനായി ഇറക്കുന്ന മെറ്റലും ടാറും മറ്റും പൂര്‍ണമായും ഉപയോഗിക്കാതെ രാത്രി കടത്തിക്കൊണ്ടുപോകുകയാണെന്നും പ്രവാസി റിട്ടേണീസ് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പള്ളിവിള സലീം, ജില്ലാ സെക്രട്ടറിമാരായ ഇ.എം.നസീര്‍, ആനപ്പാറ റഷീദ്,എസ്.ജയേന്ദ്രകുമാര്‍ എന്നിവര്‍ ആരോപിച്ചു.
കൊപ്പം-ചെറ്റച്ചല്‍ റോഡില്‍ ചായം പള്ളിനടവരെ ടാര്‍ ചെയ്തെങ്കിലും ഇടിഞ്ഞുപൊളിഞ്ഞു കുണ്ടും കുഴിയുമായി ഗതാഗതയോഗ്യമല്ലാതായിക്കിടക്കുന്ന ചായം മുതല്‍ ചെറ്റച്ചല്‍ വരെ ടാറിങ് നടത്താതെ പണി നിര്‍ത്തി. റോഡില്‍ കുഴി നിറഞ്ഞതോടെ അപകടം തുടര്‍ക്കഥയായി മാറി. ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കുക, ടാറിങ് പൂര്‍ത്തീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.


