വിതുര: അതിരൂക്ഷമായ മണല്‍ ക്ഷാമം പരിഹരിക്കുന്നതിനായി പേപ്പാറ ഡാമില്‍നിന്ന് അടിയന്തരമായി മണല്‍ ഖനനം നടത്തണമെന്ന ആവശ്യം ശക്തമായി. ഡാമിന്‍െറ വൃഷ്ടിപ്രദേശങ്ങളില്‍ മുഴുവന്‍ മണല്‍ നിറഞ്ഞുകിടക്കുന്നതു ദൃശ്യമാണ്. ചാത്തന്‍കോട് മേഖല മണല്‍ക്കൂമ്പാരമായി മാറി. നൂറു കണക്കിനു ടണ്‍ മണലാണ് ഇവിടെ കുന്നുകൂടിക്കിടക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്‍െറ കാലത്ത് അരുവിക്കര ഡാമില്‍ മണല്‍ഖനനം നടത്തി പരാജയപ്പെട്ടിരുന്നു. അന്ന് ഇത്രയേറെ മണല്‍ അടിഞ്ഞുകിടക്കുന്ന പേപ്പാറയെ തഴഞ്ഞു. പേപ്പാറ ഡാമില്‍ അന്നു മണല്‍ ഖനനം നടത്തിയിരുന്നെങ്കില്‍ ജില്ലയില്‍ അനുഭവപ്പെട്ടിരുന്ന രൂക്ഷമായ മണല്‍ക്ഷാമത്തിനു പരിഹാരം കാണാന്‍ കഴിയുമായിരുന്നു.
കാല്‍ നൂറ്റാണ്ടുമുന്‍പു പ്രവര്‍ത്തനം തുടങ്ങിയ ഡാം നിറയെ മണലും ചെളിയും എക്കലും നിറഞ്ഞു കിടക്കുകയാണ്.ഇതുമൂലം സംഭരണശേഷി ഗണ്യമായി കുറയുകയും ചെയ്തു. മണലും എക്കലും നീക്കം ചെയ്തു പേപ്പാറഡാം ശുദ്ധീകരിക്കണമെന്നാവശ്യപ്പെട്ടു വിവിധ സംഘടനകള്‍ അനവധി തവണ സര്‍ക്കാരിനെ സമീപിച്ചെങ്കിലും നടപടികളെടുത്തില്ല. ജപ്പാന്‍ ശുദ്ധജല പദ്ധതി നടപ്പാക്കുന്നതിന്‍െറ ഭാഗമായി ഡാമിന്‍െറ സംഭരണശേഷി 106ല്‍ നിന്ന് 110 ആയി ഉയര്‍ത്തുമെന്നു മുന്‍ജലസേചന മന്ത്രി എന്‍.കെ. പ്രേമചന്ദ്രനും മുന്‍ വനംമന്ത്രി ബിനോയ്വിശ്വവും കഴിഞ്ഞ വര്‍ഷം പേപ്പാറ സന്ദര്‍ശിച്ചപ്പോള്‍ പ്രഖ്യാപനം നടത്തിയിരുന്നു.
ഇതിനായി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുമെന്നു മന്ത്രിമാര്‍ പ്രഖ്യാപിച്ചെങ്കിലും യാഥാര്‍ഥ്യമായില്ല. ഇതിനുശേഷം അന്നത്തെ ധനമന്ത്രി
ഡോ. തോമസ് ഐസക് പേപ്പാറ ഡാം സന്ദര്‍ശിച്ചിരുന്നു. മണല്‍ കുന്നുകൂടിക്കിടക്കുന്ന ചാത്തന്‍കോട്ടെത്തി പരിശോധന നടത്തി. മഴക്കാലത്തിനുമുന്‍പു മണല്‍ ഖനനം നടത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നു തോമസ് ഐസക് പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു. പക്ഷേ വാഗ്ദാനം കടലാസിലായി. തിരുവനന്തപുരം ജില്ലയിലെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനായി പേപ്പാറ ഡാമിന്‍െറ സംഭരണശേഷി 104ല്‍നിന്ന് 110 ആക്കി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്.
ഇതിന്‍െറ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഡാം ഉയര്‍ത്തുമ്പോള്‍ ആദിവാസി മേഖലകള്‍ വെള്ളത്തില്‍ മുങ്ങുമെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നു വനം മന്ത്രി കെ.ബി. ഗണേഷ്കുമാര്‍ കഴിഞ്ഞ മാസം പേപ്പാറയിലെത്തി പരിശോധന നടത്തുകയും ആദിവാസികളുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. വിശദമായ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു നല്‍കുകയും ചെയ്തു. ഡാമിന്‍െറ സംഭരണശേഷി ഉയര്‍ത്തും മുന്‍പു മണല്‍ ഖനനം നടത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. സംസ്ഥാനത്ത് അനുഭവപ്പെടുന്ന രൂക്ഷമായ മണല്‍ ക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരം കാണാന്‍ പേപ്പാറ ഡാമിലെ മണല്‍ ഖനനത്തിലൂടെ കഴിയുമെന്ന് അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.


