WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Saturday, January 7, 2012

വിതുര, തൊളിക്കോട് ആശുപത്രികള്‍ വെന്റിലേറ്ററില്‍


വിതുര:  തൊളിക്കാട്, വിതുര ആശുപത്രികളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ നടപടികളെടുക്കാത്തതിനെതിരെ ജനരോഷം ഉയരുന്നു.  ഡോക്ടര്‍മാരുടെ അപര്യാപ്തതമൂലം ആശുപത്രികളുടെ പ്രവര്‍ത്തനം അവതാളത്തിലായിട്ടു മാസങ്ങളായി.  ആശുപത്രികളുടെ രോഗം മാറ്റാന്‍ ആരുമില്ല.  വിതുര ഗവ. കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എട്ടു ഡോക്ടര്‍മാര്‍ വേണം. നിലവിലുള്ളതു നാലുപേര്‍.  ഉണ്ടായിരുന്ന ഗൈനക്കോളജിസ്റ്റിനെയും ചില്‍ഡ്രന്‍സ് സ്പെഷലിസ്റ്റിനെയും സ്ഥലം മാറ്റിയതോടെയാണ് ആശുപത്രിയുടെ ശനിദശ ആരംഭിച്ചത്.  പ്രസവ വാര്‍ഡ് നിശ്ചലാവസ്ഥയിലായി.

ഗൈനക്കോളജിസ്റ്റ് ഉണ്ടായിരുന്നപ്പോള്‍ മാസത്തില്‍ മുപ്പതു പ്രസവം വരെ നടന്നിരുന്നു. ഇരുവരെയും സ്ഥലംമാറ്റിയിട്ടു രണ്ടു വര്‍ഷമാകുന്നു. പകരം രണ്ടുപേരെ പോസ്റ്റ് ചെയ്യാന്‍ എല്‍ഡിഎഫിലെയും യുഡിഎഫിലെയും ആരോഗ്യമന്ത്രിമാര്‍ക്കു കഴിഞ്ഞില്ല.  നാട്ടുകാര്‍ നിവേദനം നല്‍കി മടുത്തു.  സമരപരമ്പര തന്നെ അരങ്ങേറി. ഡോക്ടര്‍മാരുടെ കുറവുമൂലം രോഗികള്‍ സര്‍ക്കാര്‍ ആശുപത്രി ഉപേക്ഷിച്ചുതുടങ്ങി.  തൊളിക്കോട് പിഎച്ച് സെന്ററില്‍ മൂന്നുപേര്‍ വേണം. നിലവിലുള്ളത് ഒരാള്‍ മാത്രം.

ഇവിടെ പി.കെ. ശ്രീമതി ആരോഗ്യമന്ത്രിയായിരുന്നപ്പോള്‍ ഐപി വിഭാഗം ആരംഭിച്ചെങ്കിലും താമസിയാതെ അടച്ചുപൂട്ടി.  പട്ടിണിപ്പാവങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന
തൊളിക്കാട്, വിതുര പഞ്ചായത്തുകളിലെ ആതുരാലയങ്ങളില്‍ ഡോക്ടര്‍ ഇല്ലാത്തതു വല്ലാത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.  ആശുപത്രികളില്‍ ഉദ്ഘാടനച്ചടങ്ങുകളിലും മറ്റും പങ്കെടുക്കാനെത്തുന്ന മന്ത്രിമാര്‍ വന്‍ വികസനപദ്ധതികള്‍ നടപ്പിലാക്കുമെന്നു പറഞ്ഞു ഘോരഘോരം പ്രസംഗിക്കാറുണ്ടെങ്കിലും വാഗ്ദാനങ്ങള്‍ കടലാസിലൊതുങ്ങുകയാണു പതിവ്.

വിതുര ഗവ. കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനെ ഫസ്റ്റ് റഫറലാക്കുമെന്ന മുന്‍ ആരോഗ്യ മന്ത്രി വി.സി. കബീറിന്റെ പ്രഖ്യാപനത്തിനു 15 വര്‍ഷത്തെ പഴക്കമുണ്ട്.  തൊളിക്കോട് ആശുപത്രിയിലെ ഐപി വിഭാഗം പുനരാരംഭിക്കണമെന്നും കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് ആശുപത്രി പടിക്കല്‍ ധര്‍ണ നടത്തുമെന്നു ബിജെപി തൊളിക്കോട് പഞ്ചായത്ത് സമിതി പ്രസിഡന്റ് വിനോബാ ജയന്‍ അറിയിച്ചു.