വിതുര: അച്ഛന് ഒരുനിമിഷം ക്രൂരനായപ്പോള്‍ മക്കള്‍ക്ക് നഷ്ടപ്പെട്ടത് അതിരറ്റ സ്നേഹവും കിടപ്പാടവും. അച്ഛന് അമ്മയോട് എന്തിനാണീ കടുംകൈ ചെയ്തതെന്ന് കുരുന്നുകള്‍ക്ക് അറിയില്ല. ജീവിതത്തിന്റെ അനാഥത്വത്തിലേക്ക് വീഴപ്പെട്ട പറക്കമുറ്റാത്ത മോനിഷയും അനുജന് മോനിഷും എന്തുപറയണം, എന്തുചെയ്യണം എന്നറിയാതെ വിറങ്ങലിച്ചുനില്ക്കുന്നു. അമ്മ കുമാരിയെ കഴുത്തുഞെരിച്ച് കൊന്നശേഷം മൂര്‍ച്ചയേറിയ വാള്ക്കത്തി ഉപയോഗിച്ച് മോഹനന് കുമാരിയുടെ കഴുത്തറുക്കുകയായിരുന്നു. മരണം ഉറപ്പായശേഷം ആത്മഹത്യചെയ്തു. വീടിനുസമീപത്തെ ഉത്സവം നടക്കുന്ന തേവിയാര്കുന്ന് ക്ഷേത്രത്തിലേക്ക് രാവിലെ മക്കള്‍ ഇരുവരെയും പറഞ്ഞയച്ചിരുന്നു. പ്രസാദവും വാങ്ങി വീട്ടിലെത്തിയ മക്കള്‍ അച്ഛന് വീടിനുള്ളില്‍ തൂങ്ങിനില്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. ഒരുനിമിഷം അച്ഛന് വില്ലനായപ്പോള്‍ പത്ത് സെന്റിലെ ടാര്‍പ്പാളിന്‍ മറച്ചുകെട്ടിയ കൊച്ചുകൂരയില്‍ കുരുന്നുകള്‍ തനിച്ചായി. ഇരുവരും പഠിക്കാന്‍ മിടുക്കരാണ്. കുഞ്ഞുമനസ്സിലെ വലിയ സ്വപ്നങ്ങള്‍ നിറവേറണമെങ്കില്‍ ഇവര്‍ക്ക് താങ്ങും തണലുമായി ആരുടെയെങ്കിലും കാരുണ്യഹസ്തം ഉയര്‍ന്നുവരണം. സഹായിക്കാന്‍ തക്കവണ്ണം സാമ്പത്തികസ്ഥിതിയുള്ള ബന്ധുക്കള്‍ ഇവര്‍ക്കില്ല. ഫീസ് കൊടുക്കാന്‍പോലും നിര്‍വാഹമില്ലാത്ത സ്ഥിതിയായിരുന്നു. കൂലിപ്പണിക്കാരനായ അച്ഛന് മോഹനന്റെ അമിതമദ്യപാനമായിരുന്നു കുടുംബപ്രശ്നത്തിലേക്ക് വഴിതെളിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. മോഹനന്റെ ക്രൂരമര്‍ദനംമൂലം ഒരു കണ്ണിന്റെ കാഴ്ചശക്തിയും കൂടി നഷ്ടപ്പെട്ടപ്പോള്‍ സഹികെട്ട കുമാരി മോഹനനുമായി പിണങ്ങി മാറിത്താമസിക്കാന്‍ തയ്യാറായതാണ്. പ്രശ്നം കേസാകുകയും പൊലീസ് ഇടപെട്ട് പിന്നീട് ഇരുവരും തമ്മിലുള്ള പ്രശ്നം രമ്യതയിലെത്തുകയുമായിരുന്നു. വാര്‍ധക്യത്തിന്റെ അസ്വസ്ഥതകളുമായി ജീവിതം തള്ളിനീക്കുന്ന അമ്മൂമ്മ രാജമ്മ മാത്രമേ ഇനി ഇവര്‍ക്കുള്ളൂ.

