വിതുര: തുമ്പിക്കരങ്ങള് മണിക്കൂറുകളോളം നീട്ടിക്കൊടുത്തെങ്കിലും പാറക്കൂട്ടങ്ങള്ക്കിടയിലകപ്പെട്ട് കരകയറാന്‍ കഴിയാത്ത കുട്ടിക്കൊമ്പനെവിട്ട് വേദനയോടെ പിടിയാനയും കൂട്ടരും മടങ്ങി. രണ്ടാഴ്ച മാത്രം പ്രായമുള്ള കുട്ടിക്കൊമ്പനെ ഒപ്പം കൂട്ടി കാടുകുലുക്കി വിഹരിച്ചു നടക്കവേയാണ് തിങ്കളാഴ്ച പുലര്‍ച്ചയോടെ മണിതൂക്കിന് സമീപം ഒറ്റക്കുടിയിലെ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ കുട്ടിയാന അകപ്പെട്ടത്. പിടിയാനയും കൂട്ടരും കുട്ടിക്കൊമ്പന് പിടിച്ചുകയറാന്‍ തുമ്പിക്കൈകള്‍ പാറക്കൂട്ടങ്ങള്ക്കിടയിലേക്കിട്ടുകൊടുത്തു. കാടു നടുങ്ങുംവണ്ണം ചിന്നംവിളികളും കേള്‍ക്കാമായിരുന്നു. ആനക്കൂട്ടങ്ങളുടെ ചിന്നംവിളി കേട്ട് പ്രദേശവാസികളും പേടിച്ചു. പിന്നീട് ഇവര്‍ ഒച്ചകേട്ട ഭാഗത്തെത്തി തിരച്ചില്‍ നടത്തി. ദൂരെ ആനക്കൂട്ടങ്ങള്‍ കരിംപാറകണക്കെ നിലയുറപ്പിച്ചിരിക്കുന്നതും കണ്ടു. ആരും അടുത്തേക്ക് പോകാന്‍ ധൈര്യം കാട്ടിയില്ല. മനുഷ്യഗന്ധം മൂക്കിലേറ്റ മഹാബലര്‍ ഒടുവില്‍ കുട്ടിക്കൊമ്പനെ രക്ഷപ്പെടുത്താന്‍ കഴിയാത്ത നിസഹായതയില്‍ വേദനയോടെ ഉള്‍ക്കാട്ടിലേക്ക് മടങ്ങി. ആനക്കൂട്ടങ്ങള്‍ മടങ്ങിയെന്ന് ഉറപ്പുവരുത്തിയശേഷം നാട്ടുകാര്‍ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ നടത്തി. കെണിയില്‍ വീണ രണ്ടാഴ്ച മാത്രം പ്രായംതോന്നിക്കുന്ന കുട്ടിക്കൊമ്പനെ കണ്ട നാട്ടുകാര്‍ വനപാലകരെ വിവരമറിയിച്ചു. വനപാലകരും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനുശേഷം പാറയിടുക്കില്നിന്നും കുട്ടിക്കൊമ്പനെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. ആനക്കൂട്ടങ്ങള്‍ പിന്നീട് സ്ഥലത്തെത്തി കുട്ടിയാനയെ കൂട്ടിക്കൊണ്ടുപോകുമെന്ന പ്രതീക്ഷയില്‍ ഒരുദിവസം കാത്തെങ്കിലും അതുണ്ടായില്ല. നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ഡിഎഫ്ഒ പുകഴേന്തി, പരുത്തിപ്പള്ളി വനം റേഞ്ച് ഓഫീസര്‍ ഗിരീഷ് ബാബു തുടങ്ങിയവര്‍ സ്ഥലത്തെത്തി. വെറ്റിനറി സര്ജന്മാരായ ഡോ. ജോ ജേക്കബും ഭാഗ്യലക്ഷ്മിയുമെത്തി കുട്ടിക്കൊമ്പന് പ്രാഥമിക ചികിത്സ നല്കി. കരിക്കിന്‍വെള്ളവും കൊടുത്തു. ക്ഷീണമകന്ന കുട്ടിക്കൊമ്പനെ നടത്തി വാഹനസൗകര്യമെത്തുന്ന സ്ഥലത്തെത്തിച്ച ശേഷം വനംവകുപ്പിന്റെ ജീപ്പില്‍ അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്കിലെ കോട്ടൂര്‍ ആനപരിപാലന കേന്ദ്രത്തിലെത്തിച്ചു.


