ഇടിഞ്ഞാര്‍: ഈറ്റത്തൊഴിലാളികളും നിര്‍ദ്ധന ജനവിഭാഗങ്ങളും തിങ്ങിപ്പാര്‍ക്കുന്ന അടിയോടി കോളനിക്ക് അവഗണന. നൂറിലേറെ കുടുംബങ്ങള്‍ വസിക്കുന്ന ഇവിടെ ഒരാള്‍ക്ക് സുഖമില്ലാതായാല്‍ നാനൂറു മീറ്ററോളം ചുമന്നുവേണം റോഡിലെത്തിക്കാന്‍. കുടിവെള്ളത്തിനും താണ്ടണം കിലോമീറ്ററുകള്‍.
കോളനിയിലേക്ക് റോഡു പണിയാന്‍ ഗ്രാമസഭ തീരുമാനിച്ചിട്ടുണ്ടെങ്കിലും വാര്‍ഡുമെമ്പറുടെ സൌകര്യാര്‍ത്ഥം മാറ്റിക്കൊണ്ടു പോയതായാണ് പരാതി. പെരിങ്ങമ്മല പഞ്ചായത്ത് ഭരണസമിതിയും വാര്‍ഡുമെമ്പറുടെ ഇംഗിതത്തിനൊപ്പമാണ്. തങ്ങളോടുള്ള കടുത്ത അവഗണനയും രാഷ്ട്രീയാകല്ച്ചയുമാണ് റോഡു വികസനം അട്ടിമറിച്ചതിനു കാരണമായി ഈറ്റത്തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നത്. ശുദ്ധജല വിതരണത്തിന് കാല്‍നൂറ്റാണ്ടു മുമ്പ് നിര്‍മ്മിച്ച ഒരു ടാങ്കാണ് ആശ്രയം. മങ്കയത്തെ പമ്പുഹൌസില് നിന്നും പമ്പു ചെയ്യുന്ന വെള്ളം കുന്നിന് പ്രദേശമായ അടിയോടി കോളനിയിലെ ടാങ്കില്‍ സംഭരിച്ചാണ് വിതരണം. എന്നാല്‍ ടാങ്കിന്റെ ശുചീകരണവും അറ്റകുറ്റപ്പണികളും യഥാസമയം നിറവേറ്റാത്തതിനാല്‍ വെള്ളം മലിനപ്പെടുന്നതും ചോര്‍ച്ച സംഭവിക്കുന്നതും പതിവാണ്. കൃത്യമായി പമ്പിംഗ് നടക്കാത്തതും ഇവിടത്തുകാരുടെ കുടിവെള്ളം മുട്ടിക്കുന്നു.


