![]() |
| ചിത്രം: സനു ചായം |
കഴിഞ്ഞ ദിവസമാണ് മടത്തറയില്‍ വീടിന്റെ മച്ചില്‍ കയറി പരിഭ്രാന്തി പരത്തിയ രാജവെമ്പാലയെ വാവ സുരേഷ് പിടികൂടി ശംഖിലി വനത്തില്‍ കൊണ്ടുവിട്ടത്. വിതുര തലത്തൂതക്കാവിലെ വിപിന്റെ വസതിയില്‍ ബുധനാഴ്ച രാത്രിയാണ് പാമ്പ് കയറിയത്. അലമാരയില്‍ കയറിയിരുന്ന പാമ്പ് കരിമൂര്‍ഖനാണെന്ന് കരുതി നാട്ടുകാര്‍ ഭീതിയോടെ മാറി നിന്നതുകൊണ്ടാണ് പ്രസിഡന്റിന് വാവയെ വിളിക്കേണ്ടിവന്നത്. സുരേഷ് എത്തി പാമ്പിനെ പിടികൂടിക്കഴിഞ്ഞപ്പോഴാണ് മൂര്‍ഖനേക്കാള്‍ മുന്തിയ ഇനമാണെന്ന് ബോധ്യമായത്. 14 കിലോയോളം ഭാരമുണ്ടായിരുന്നു.
രാജവെമ്പാലയെന്ന് കേട്ടുമാത്രം പരിചയമുള്ളവരെക്കൊണ്ട് പാമ്പിനെ എടുപ്പിച്ച് വാവ നാട്ടുകാരുടെ പേടി മാറ്റി. പാമ്പിന് എന്തോ അസുഖമുണ്ടെന്ന് സംശയിക്കുന്നതായി സുരേഷ് പറഞ്ഞു. രാത്രിതന്നെ രാജവെമ്പാലയെ പാലോട് വനം റെയ്ഞ്ച് ഓഫീസില്‍ എത്തിച്ചു. ബുധനാഴ്ച ഓഫീസില്‍ തങ്ങിയ സുരേഷ് വ്യാഴാഴ്ച രാവിലെ വനപാലകര്‍ക്കൊപ്പം ശംഖിലിവനത്തില്‍ പാമ്പിനെ കൊണ്ടുവിട്ടശേഷമാണ് മടങ്ങിയത്.


