വിതുര: തിളച്ച മീന്‍കറി ദേഹത്തുവീണ് പൊള്ളലേറ്റതിനെ തുടര്‍ന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഹോട്ടല്‍ ജീവനക്കാരനായ യുവാവ് മരിച്ചു. വിതുര കോട്ടിയത്തറ മണ്‍പുറത്തു വീട്ടില്‍ തുരുത്തി ബഷീര്‍, നബീസ ദമ്പതികളുടെ മകന് ബി. സുധീര്ഖാന്(34) ആണു മരിച്ചത്.
തിരുവനന്തപുരം കണ്ണേറ്റുമുക്കിലുള്ള ഹോട്ടലില്‍വച്ച് ശനിയാഴ്ച ഉച്ചയ്ക്കാണു തിളച്ച മീന്‍കറി ദേഹത്തുവീണു ഗുരുതരമായി പൊള്ളലേറ്റത്്. ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു. ശനിയാഴ്ചയാണു സുധീര്ഖാന് കണ്ണേറ്റുമുക്കിലെ ഹോട്ടലില്‍ ജോലിക്കെത്തിയത്. അടുക്കളയില്‍ ജോലിചെയ്യവേ ഉച്ചയോടെ കുഴഞ്ഞുവീണുവെന്നും വീണപ്പോള്‍ പാത്രത്തില്‍ തട്ടി തിളച്ചമീന്കറി ദേഹത്തു വീണതായും കടയുടമ മൊഴിനല്‍കിയതായി പൊലീസ് അറിയിച്ചു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം വിതുര ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി. മരണത്തില്‍ ദുരൂഹതയുള്ളതായി ചൂണ്ടിക്കാട്ടി സുധീര്‍ഖാന്റെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സുധീര്‍ഖാനു ഭാര്യയും രണ്ടു മക്കളുമുണ്ട്.

