വിതുര: വിതുര കലുങ്ക് ജംക്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒാടകള്‍ പൊളിച്ചു മാലിന്യം നീക്കല്‍ നടപടികള്‍ പുരോഗമിക്കുന്നു. അനവധി തവണ മഴയത്തു വെള്ളം കയറി കച്ചവടക്കാര്‍ക്കു കനത്ത നാശനഷ്ടമുണ്ടായിട്ടുണ്ട്. കച്ചവടക്കാര്‍ നല്കിയ പരാതിയുടെ ഭാഗമായാണ് ഒാടകള്‍ പൊളിച്ചത്. വര്‍ഷങ്ങളായി ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്താതിരുന്നതുമൂലം ഒാടകളില്‍ ടണ്‍കണക്കിനു മാലിന്യമാണു കുമിഞ്ഞുകൂടിക്കിടന്നത്. ഒാട പൊളിക്കുന്നതിന്റെ ഭാഗമായി പുതുവര്‍ഷത്തലേന്ന് അനവധി തവണ സംഘര്‍ഷമുണ്ടാകുകയും ചെയ്തു. മണിതൂക്കി വാര്‍ഡംഗം ജി.ഡി. ഷിബുരാജിനെ ജാതി പറഞ്ഞ് അവഹേളിക്കുകയും മര്‍ദിക്കുകയും ചെയ്തതായി ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
വിതുര പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി. വിപിനെയും ജാതി പറഞ്ഞ് അവഹേളിച്ചതായും പരാതിയുണ്ട്. ഒാടപൊളിക്കലിന്റെ രണ്ടാംദിനമായ ഇന്നലെയും സംഘര്‍ഷമുണ്ടായി. പ്രശ്നങ്ങള്‍ക്കിടയിലും ഒരു വശത്തു പണി നടക്കുകയാണ്. പൊളിക്കല്‍ നടപടികളുടെ എണ്പതു ശതമാനവും പൂര്‍ത്തിയായി. ഒാടപൊളിക്കലിനെതിരെ ചില കച്ചവടക്കാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയതും സംഘര്‍ഷത്തിനിടയാക്കി. കച്ചവടക്കാര്‍ക്കും ഉടമകള്‍ക്കും നോട്ടീസും മറ്റും നല്‍കാതെയും, യോഗംവിളിച്ച് അഭിപ്രായങ്ങള്‍ ആരായാതെയുമാണ് ഒാടകള്‍ പൊളിച്ചിട്ടതെന്നും പരാതിയുണ്ട്.
കലുങ്ക് ജംക്ഷനില്‍ ഗതാഗതതടസ്സവും അനുഭവപ്പെടുന്നുണ്ട്. പ്രശ്നങ്ങളുണ്ടെങ്കിലും ഒാടകളില്‍ കുമിഞ്ഞുകൂടിക്കിടക്കുന്ന മാലിന്യങ്ങള്‍ മുഴുവന്‍ നീക്കംചെയ്തു ജംക്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കുന്ന നടപടികളുമായി മുന്നോട്ടുപോകാനാണു പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം.


