വിതുര: പാട്ടത്തിന് നല്കിയ മുഴുവന്‍ വനഭൂമിയും വനംവകുപ്പ് തിരിച്ചുപിടിച്ച് പൊന്മുടി മെര്‍ക്കിസ്റ്റണ്‍ തോട്ടം ഏറ്റെടുക്കണമെന്ന് കേരള ഫോറസ്റ്റ് സ്റ്റാഫ് അസോസിയേഷന് ജില്ലാ കണ്വെന്ഷന് ആവശ്യപ്പെട്ടു. മെര്‍ക്കിസ്റ്റണ്‍ വിവാദത്തില്‍ ഫോറസ്റ്റ് ഗാര്‍ഡുമാരുടെ മേല്‍ കുറ്റംചുമത്തി ഉന്നതരെ രക്ഷിക്കാനുള്ള നീക്കം ഉപേക്ഷിക്കണം. ശമ്പളം വാങ്ങുന്ന ഐ.എഫ്.എസ്. ഉദ്യോഗസ്ഥരുടെയും ശമ്പളം ലഭിക്കാത്ത വാച്ചര്‍മാരുടെയും വകുപ്പായി വനം വകുപ്പ് മാറിയതായി കണ്വെന്ഷന് കുറ്റപ്പെടുത്തി.
പാലോട് രവി എം.എല്‍.എ. കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ വനം നിലനില്ക്കാനും വനപാലകര്‍ കാര്യക്ഷമമായി ജോലിചെയ്യാനും ജോലിസമയം എട്ടുമണിക്കൂറാക്കി നിജപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഇ.പി. റോബിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ജിതേഷ് ബാലറാം, സംസ്ഥാന പ്രസിഡന്റ് വിജി പി. വര്‍ഗീസ്, യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്റ് പി.എസ്.പ്രശാന്ത്, മാമ്പഴത്തറ സലിം, അഡ്വ.എന്‍. ബാജി, ജി.പ്രഭാകരന്‍നായര്‍, എസ്. കമറുദ്ദീന് എന്നിവര്‍ പ്രസംഗിച്ചു.

