വിതുര: വിതുര കലുങ്ക് കവലയെ മാലിന്യമുക്തമാക്കി വെള്ളപ്പൊക്കത്തിന് പരിഹാരം കാണാനുള്ള ഗ്രാമപ്പഞ്ചായത്തിന്റെ ശ്രമം ചൊവ്വാഴ്ച നാലാം ദിവസത്തിലേക്ക് കടക്കുന്നു. ദുരിത മഴയ്ക്കുശേഷം ശനിയാഴ്ച രാവിലെയാണ് ഓട വൃത്തിയാക്കല്‍ തുടങ്ങിയത്. പ്രതിഷേധങ്ങള്‍ വകവെയ്ക്കാതെ മുന്നേറുന്ന ജോലിക്കിടെ മാലിന്യക്കൂമ്പാരമാണ് ഓരോ ഓടയില്‍ നിന്നും മണ്ണുമാന്തി കോരിയെടുത്തത്. കലുങ്ക് കവലയുടെ കേന്ദ്രഭാഗത്തുള്ള ഒരു ഹോട്ടലിന്റെ മുന്നിലെ ഓട സെപ്ടിക് മാലിന്യംകൊണ്ട് നിറഞ്ഞ അവസ്ഥയിലായിരുന്നു.
കവലയിലെ ഒരു വിഭാഗം വ്യാപാരികളുടെ ശക്തമായ എതിര്‍പ്പിനെ അതിജീവിച്ചാണ് ശുചീകരണം മുന്നോട്ടു നീങ്ങുന്നത്. നിരവധി തവണ സംഘര്‍ഷമുണ്ടായി. മണ്ണുമാന്തി വാഹനത്തിന്റെ ഡ്രൈവര്‍ക്ക് അടികിട്ടുക വരെ ചെയ്തു. ജോലി തുടരാന്‍ പഞ്ചായത്ത് പ്രസിഡന്റ് എല്‍. വി. വിപിന്‍ പലപ്പോഴും പോലീസിന്റെ സഹായം തേടേണ്ടിയും വന്നു.
സെപ്ടിക് മാലിന്യം റോഡിലൊഴുക്കിയ ഹോട്ടലുടമയ്ക്ക് നോട്ടീസ് നല്കാന് ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതോടൊപ്പം പഞ്ചായത്ത് പിഴ ചുമത്തുകയും ചെയ്യും. മണ്ണുമാന്തി വാഹനം കിട്ടാത്തതുകാരണം തിങ്കളാഴ്ച ശുചീകരണ ജോലി തടസ്സപ്പെട്ടു. ചൊവ്വാഴ്ച രാവിലെ രണ്ട് വാഹനങ്ങളുടെ സഹായത്തോടെ ജോലി തുടങ്ങുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
മേലെകൊപ്പം മുതല്‍ കലുങ്ക് കവല വരെയുള്ള കടകളിലെ മാലിന്യം ഓടയില്‍ നിക്ഷേപിക്കുന്നത് ഒഴുകി കവലയിലെത്തി കലുങ്ക് അടയുന്നതാണ് വെള്ളപ്പൊക്കത്തിന് പ്രധാന കാരണം. വലിയ മോട്ടോര്‍ ഉപയോഗിച്ച് വെള്ളം വറ്റിച്ചശേഷം കലുങ്കിലെ തടസ്സം നീക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.


