പാലോട്: തലസ്ഥാന നഗരത്തിലെ മാലിന്യനിക്ഷേപത്തിന് ഇടിഞ്ഞാര്‍ മങ്കയം പ്രദേശത്ത് പ്ലാന്റ് തുടങ്ങാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ബഹുജനസംഘടനകള്‍ രംഗത്ത്. പരിസ്ഥിതി പ്രാധാന്യമുള്ള മങ്കയം ഇക്കോ ടൂറിസം പദ്ധതിയുടെ വൃഷ്ടിപ്രദേശത്താണ് പദ്ധതി തുടങ്ങാന്‍ നീക്കം നടക്കുന്നത്.
ഇതിന്റെ ഭാഗമായി കഴിഞ്ഞ മൂന്നുദിവസമായി ഡെപ്യൂട്ടി കളക്ടര്‍, ഡി.എഫ്.ഒ, മറ്റ് വനം, റവന്യൂ വകുപ്പ് ഉന്നതോദ്യോഗസ്ഥര്‍ എന്നിവരെത്തി സ്ഥലങ്ങള്‍ നോക്കിക്കണ്ടു. ബ്രൈമൂര്‍ കാടുകള്‍ മാത്രമല്ല 1982 മുതല്‍ വന്യജീവി വനംവകുപ്പ് നിയമപ്രകാരം ഈ പ്രദേശം ഇക്കോ ടൂറിസം മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ചെമ്മുഞ്ചി, ചിറ്റാര്‍ നദികളുടെ പ്രഭവസ്ഥാനവും ഇവിടമാണ്. കാട്ടാന ഉള്‍പ്പെടെയുള്ള നിരവധി മൃഗങ്ങളും അത്യപൂര്‍വയിനം പക്ഷികളും ചിത്രശലഭങ്ങളും ഉള്ള പ്രദേശംകൂടിയാണ് ഇവിടം.
വനസമ്പത്തുള്ള മങ്കയത്ത് മാലിന്യനിക്ഷേപ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തില്‍നിന്ന് അടിയന്തരമായി പിന്മാറണമെന്ന് കോണ്‍ഗ്രസ് കല്ലറ ബ്ലോക്ക് പ്രസിഡന്റ് ഡി. രഘുനാഥന് നായര്‍, മണ്ഡലം പ്രസിഡന്റ് ബി.പവിത്രകുമാര്‍, സി.പി.എം. പെരിങ്ങമ്മല ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.എസ്.ദിവാകരന് നായര്‍, ഐ.എന്‍.ടി.യു.സി. ജില്ലാ നേതാവ് കൊച്ചുകരിക്കകം നൗഷാദ്, സി.പി.ഐ. പാലോട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എല്‍.സാജന്, ഡി.വൈ.എഫ്.ഐ. വിതുര ലോക്കല്‍ കമ്മിറ്റി പ്രസിഡന്റ് മനേഷ് ജി. നായര്‍, ബി.ജെ.പി. പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീമംഗലം ശ്രീകണ്ഠന് എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
മങ്കയത്ത് മാലിന്യനിക്ഷേപം നടത്താനുള്ള നീക്കത്തെ ശക്തമായി ചെറുക്കുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.വത്സല, വി.പ്രസാദ് എന്നിവര്‍ അറിയിച്ചു.


