പാലോട്: ഒടിഞ്ഞുതൂങ്ങിയ കൂരകള്‍, മരിച്ചവരെ കുഴിച്ചിടാന്‍ പോലും സ്ഥലമില്ല, പ്രാഥമികസൗകര്യങ്ങളും ശുദ്ധജലവും ഇപ്പോഴും അന്യം. രണ്ടു പതിറ്റാണ്ടു കഴിഞ്ഞിട്ടും പെരിങ്ങമ്മല പഞ്ചായത്തിലെ ഇടിഞ്ഞാര്‍ മൈലാടുംകുന്ന് കോളനിക്കാരുടെ ദുരിതകാലം ഒഴിയുന്നില്ല. മലവെള്ളത്തിന്റെ കുത്തൊഴുക്കില്‍ കിടപ്പാടവും സമ്പാദ്യവും നഷ്ടപ്പെട്ട മുപ്പത് കുടുംബങ്ങള്‍ ഇപ്പോഴും മൈലാടുംകുന്നില്‍ നല്ലകാലവും പ്രതീക്ഷിച്ച് കഴിയുകയാണ്.
ഇടിഞ്ഞാര്‍ ടൗണിനോട് ചേര്‍ന്നു തന്നെയാണ് മൈലാടുംകുന്ന് കോളനി. 1992-ലെ വെള്ളപ്പൊക്കത്തില്‍ വീട് നഷ്ടപ്പെട്ട 30 കുടുംബങ്ങളെയാണ് ഈ കുന്നിന്മുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. ഒന്നരസെന്റ് വസ്തുവാണ് ഓരോ കുടുംബത്തിനും അനുവദിച്ചത്. മണ്‍കട്ടയും ഓലയും കുത്തിച്ചാരിയുണ്ടാക്കിയ മിക്ക വീടുകളും വര്‍ഷങ്ങള്‍ക്കുള്ളില്‍ നിലംപൊത്തി. പ്രാഥമിക സൗകര്യങ്ങള്‍ക്ക് ഒരു വീട്ടിലും ഇടമില്ല.മുപ്പതുവീടുകള്ക്കും കൂടി ഒരു പൊതു കിണര്‍മാത്രം. അതാകട്ടെ വര്‍ഷത്തില്‍ പകുതിദിവസവും വറ്റിവരണ്ട് കിടപ്പാണ്.
മരിച്ചവരെ കുഴിച്ചിടണമെങ്കില്‍ വീടിന്റെ അടുക്കളയോ വരാന്തയോ പൊളിച്ച് മൃതദേഹം മറവു ചെയ്യേണ്ട ഗതികേടാണ് തങ്ങള്‍ക്കെന്ന് ഇവിടത്തെ താമസക്കാരായ മാനുവേലും കൃഷ്ണമ്മയും പറയുന്നു. മൈലാടുംകുന്നിന്റെ ഗതികേട് മുമ്പും പലവട്ടം വാര്‍ത്തകളില്‍ ഇടംനേടിയിട്ടുണ്ട്. അന്നെല്ലാം 'മണ്ണും വീടും', 'ഇ.എം.എസ് ഭവനപദ്ധതി' എന്നെല്ലാം വാഗ്ദാനങ്ങളുമായി രാഷ്ട്രീയക്കാര്‍ ഓടിയെത്തുമെങ്കിലും തങ്ങളുടെ കഷ്ടതകള്‍ക്ക് പരിഹാരമുണ്ടായില്ലെന്ന് കോളനിവാസികള്‍ പറയുന്നു.
ഇടിഞ്ഞാര്‍ വാര്‍ഡിലെ കോളനികളുടെ ദുരവസ്ഥ പരിഹരിക്കുന്നതിന് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി പദ്ധതികള്‍ രൂപവത്കരിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമാണുള്ളത്.


