വിതുര. മൂന്ന് വര്‍ഷം മുന്‍പു വിവാഹിതയായ യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച സംഭവത്തെക്കുറിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചു. വിതുര ശിവന്‍കോവില്‍ ജംക്ഷനില്‍ ചാന്ദിനി ഹൌസില്‍ വി. വിനീഷ്ചന്ദിന്റെ ഭാര്യയും പൂവച്ചല്‍ ആലമുക്ക് മൈലമൂട് വീട്ടില്‍ കുട്ടപ്പന് നായരുടെയും ശകുന്തളയുടെയും മകള്‍ കെ.എസ്. രാഖി (25) ആണു വ്യാഴാഴ്ച രാത്രി ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ചത്.
മരണത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും രാഖിയുടെ മാതാപിതാക്കളും ബന്ധുക്കളും ആവശ്യപ്പെട്ടു. രാഖിയുടെ മരണവുമായി ബന്ധപ്പെട്ടു വീട് ആക്രമിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന പതിനഞ്ചോളം പേരെ പ്രതിയാക്കിയാണു കേസെടുത്തതെന്ന് എസ്ഐ അറിയിച്ചു.
രാഖിയുടെ മൃതദേഹസംസ്കാരം കഴിഞ്ഞ ശേഷം വെള്ളിയാഴ്ച രാത്രി പൂവച്ചലില്‍ നിന്നു രണ്ടു കാറുകളില്‍ വിതുരയിലെത്തിയ സംഘമാണു രാഖിയുടെ ഭര്‍ത്താവിന്റെ വീടിനു നേരെ ആക്രമണം നടത്തിയത്. ജനല്ഗാസുകള് എറിഞ്ഞുതകര്‍ത്തു. രാഖിയുടെ ഭര്‍ത്താവിന്റെ ജ്യേഷ്ഠന് വിബിന്ചന്ദിനെയും മര്‍ദിച്ചു. നാട്ടുകാര്‍ ഇടപെട്ടാണു പ്രശ്നം പരിഹരിച്ചത്. പൊലീസ് അന്വേഷണം തുടങ്ങി.

