വിതുര: വിതുര ഗ്രാമപ്പഞ്ചായത്തില്‍ 29.97 കോടി വരവും 29.08 കോടി ചെലവും 89.3 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് അവതരിപ്പിച്ചു. തൊഴിലുറപ്പുപദ്ധതിക്ക് എട്ടുകോടി, അടിസ്ഥാന സൗകര്യവികസനത്തിന് നാലേമുക്കാല്‍കോടി, വിവിധ ക്ഷേമപദ്ധതികള്‍ക്കായി മൂന്നു കോടി, പട്ടിക വിഭാഗങ്ങള്‍ക്കായി രണ്ടേകാല്‍ കോടി, ഭവനപദ്ധതിക്കായി രണ്ടുകോടി രൂപ തുടങ്ങിയവയാണ് പ്രധാന വകയിരുത്തലുകള്‍. മാലിന്യ നിര്‍മാര്‍ജനത്തിനും ആശ്രയ-കുടുംബശ്രീ പദ്ധതിക്കും തുക മാറ്റിവെച്ചിട്ടുണ്ട്. ബസ്സ്റ്റേഷന് സമീപം ബഹുനില സമുച്ചയം പണിയാന്‍ ആദ്യഘട്ടമായി ഒന്നരക്കോടിയും മൊബൈല്‍ മോര്‍ച്ചറി വാങ്ങാന്‍ ഒരു ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. വിതുര ചന്ത നവീകരണം, പ്രധാന കവലകളില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍, ആസ്പത്രി വികസനം, സ്കൂളുകളിലെ ഉച്ചഭക്ഷണം തുടങ്ങിയവയാണ് മറ്റ് പ്രധാന പദ്ധതികള്‍. പ്രസിഡന്റ് എല്‍.വി.വിപിന്റെ അധ്യക്ഷതയില്‍ വൈസ്പ്രസിഡന്റ് ശാന്തി ജി.നായരാണ് ബജറ്റ് അവതരിപ്പിച്ചത്.

