വിതുര: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചി (ഐസെര്‍)ന്റെ നിര്‍മാണ ജോലിക്കെത്തിയ അന്യസംസ്ഥാന തൊഴിലാളികള്‍ നാട്ടുകാര്‍ക്ക് തലവേദനയായതായി പരാതി. കരിക്ക് മോഷണം, തോട്ടില്‍ മലമൂത്ര വിസര്‍ജനം, മോഷണശ്രമം തുടങ്ങിയവയാണ് മക്കി, അടിപറമ്പ് നിവാസികള്‍ നേരിടുന്ന പ്രശ്‌നം.
കഴിഞ്ഞ ദിവസം ഏതാനും തൊഴിലാളികള്‍ ചേര്‍ന്ന് ഒറ്റയടിക്ക് അമ്പതോളം കരിക്കാണ് മക്കിഭാഗത്തുനിന്ന് മോഷ്ടിച്ചത്. ഇവരെ നാട്ടുകാര്‍ കൈയോടെ പിടികൂടുകയും ചെയ്തു. ചില വീടുകളില്‍ മോഷണശ്രമം നടത്തിയതായും പരാതിയുണ്ട്.
വാമനപുരം ആറ്റിന്റെ പ്രധാന കൈവഴിയായ മക്കി തോട് അന്യസംസ്ഥാന തൊഴിലാളികള്‍ മലിനപ്പെടുത്തുന്നതായി നാട്ടുകാര്‍ പറയുന്നു. പ്രദേശവാസികള്‍ കുളിക്കാനും മറ്റും ആശ്രയിക്കുന്ന തോട്ടില്‍ തൊഴിലാളികള്‍ സ്ഥിരം മലമൂത്ര വിസര്‍ജനം ചെയ്യുന്നതായാണ് പരാതി.
ഒരു ദേശീയസ്ഥാപനത്തിന്റെ നിര്‍മാണം തടസ്സപ്പെടുത്തേണ്ടെന്ന് കരുതിയാണ് സംയമനം പാലിക്കുന്നതെന്ന് മക്കി നിവാസികള്‍ പറയുന്നു. എന്നാല്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും കരാറുകാര്‍ തൊഴിലാളികളെ നിലയ്ക്കു നിര്‍ത്താത്തത് പ്രതിഷേധാര്‍ഹമാണ്. വിതുര ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് വേണ്ട നടപടി സ്വീകരിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.

