വിതുര: ചാരുപാറ - ചായം റോഡുപണിയുമായി ബന്ധപ്പെട്ട് നടത്തിയ വശങ്ങള് വീതികൂട്ടലില്‍ അപാകമുള്ളതായി ചായം റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികള്‍ ആരോപിച്ചു. ടാറിങ്ങിന് മുന്നോടിയായി റോഡരികിലെ പുറമ്പോക്കുഭൂമി ഇടിച്ച് വീതികൂട്ടിയതിലാണ് അപാകം. ചില വീടുകള്‍ക്ക് മുമ്പിലുള്ള പുറമ്പോക്ക് ഭൂമി ഇടിക്കാതെ ഒഴിവാക്കിയത് റോഡിന്റെ വീതി കുറയാന്‍ കാരണമായതായി ചായം നിവാസികള്‍ പറയുന്നു. ചായം കവല മുതല്‍ ദര്‍പ്പ കലുങ്ക് വരെയുള്ള ഭാഗത്താണ് ഇത്തരം പരാതികള്‍ ഏറെയുള്ളത്. റോഡില്‍ വളവുള്ള ഭാഗത്തുപോലും ഇങ്ങനെ 'ഒഴിവാക്കല്‍' നടത്തിയിട്ടുണ്ട്. പുറമ്പോക്ക് ഇടിക്കാനെത്തിയ മണ്ണുമാന്തി വാഹനക്കാരെ സ്വാധീനിച്ചാണ് ഇടിക്കല് ഒഴിവാക്കിയതെന്ന് ആരോപണമുണ്ട്. വീതികൂട്ടലിലെ അപാകം ഒഴിവാക്കി റോഡുപണി അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് ചായം റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
റോഡുപണിയില്‍ അപാകമുള്ള ഭാഗങ്ങള്‍ കഴിഞ്ഞദിവസം തൊളിക്കോട് ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ സന്ദര്‍ശിച്ചു.

