പാലോട്. അധ്യാപകരുടെ യാത്രയയപ്പു സമ്മേളനത്തിനു വേണ്ടി കുട്ടികളുടെ നാലു പരീക്ഷകള്‍ തലേദിവസം നടത്തി ഗുരുതരമായ ചട്ടലംഘനം നടത്തി. സമീപ സ്കൂളുകളിലെ കുട്ടികള്‍ക്കു ചോദ്യങ്ങള്‍ ചോര്‍ന്നു കിട്ടിയതായും പറയുന്നു. പാലോട് ഉപജില്ലയിലെ ഇളവട്ടം ബിആര്‍എം എച്ച്എസിലാണു ഗുരുതരമായ ചട്ടലംഘനം നടന്നത്. ഇന്നലെ നടക്കേണ്ട എട്ടാം ക്ളാസിലെ മലയാളം സെക്കന്‍ഡ്, സോഷ്യല്‍ സയന്‍സ്, ഒന്‍പതാം ക്ളാസിലെ ഹിന്ദി, ഐടി എന്നീ പരീക്ഷകളാണു സമ്മേളനത്തിനു തടസ്സമാകുമെന്നു കരുതി വ്യാഴാഴ്ച നടത്തിയത്.
പരീക്ഷയുടെ അവസാന ദിവസമായ ഇന്നലെ ഇവിടെ പരീക്ഷ നടന്നില്ല. സംഭവമറിഞ്ഞ് എഇഒയുടെ നേതൃത്വത്തിലുള്ള സംഘം സ്കൂളിലെത്തി നടത്തിയ അന്വേഷണത്തില്‍ സംഭവം ശരിയാണെന്നു തെളിഞ്ഞതിനെ തുടര്‍ന്ന് ഡിഇഒയ്ക്കു റിപ്പോര്‍ട്ട് നല്‍കി. സ്കൂളില്‍ നിന്ന് എച്ച്എം അടക്കം നാലു ജീവനക്കാര്‍ പിരിഞ്ഞു പോകുന്നതിന്റെ ചടങ്ങാണ് ഇന്നലെ നടന്നത്. ഇതിനു തടസ്സമാകുമെന്നു കരുതിയാണത്രെ ഒറ്റദിവസം കൊണ്ട് 'പരീക്ഷാ മാരത്തണ്‍ നടത്തിയത്.
പരീക്ഷയ്ക്കു ശേഷം കുട്ടികളില്‍ നിന്ന് ചോദ്യപേപ്പര്‍ തിരികെ വാങ്ങിയെങ്കിലും പരീക്ഷ നേരത്തേ നടത്തിയതറിഞ്ഞ സമീപ സ്കൂളുകളിലെ പല കുട്ടികളും ചോദ്യങ്ങള്‍ ചോര്‍ത്തിയെടുത്തതായും പറയുന്നു. പരീക്ഷ നേരത്തേ നടത്തിയതു ഗുരുതര വീഴ്ചയാണെന്നും അടിയന്തര നടപടിക്കു ഡിഡി യോട് ആവശ്യപ്പെടുമെന്നും ഡിഇഒ: ആരിഫാബീവി പറഞ്ഞു.

