വിതുര: തിരുവനന്തപുരം ആകാശവാണി നിലയം വളപ്പിലേതുള്പ്പെടെ കേരളത്തിലെയും തമിഴ്നാട്ടിലെയും നിരവധി ചന്ദനമരങ്ങള്‍ മുറിച്ചുവിറ്റ കേസുകളിലെ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. വിതുര കല്ലാര്‍ ചന്തവളപ്പ് സുനിതാഭവനില്‍ കാര്‍ ലോസിന്റെ മകന് ജോര്‍ജ് (47) ആണ് അറസ്റ്റിലായത്. നെടുമങ്ങാട് ഡിവൈ.എസ്.പി. കെ. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തില്‍ പാലോട് സി.ഐ. ജി.എസ്. പ്രദീപ്കുമാര്‍, വിതുര എസ്.ഐ. സിജു കെ.എല്‍. നായര്‍ എന്നിവര്‍ ചേര്‍ന്ന് വെള്ളിയാഴ്ച കല്ലാറിന് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തമിഴ്നാട് മണിമുത്താറില്‍ നിന്ന് മുറിച്ചെടുത്ത രണ്ട്കിലോയോളം ചന്ദനവും ജോര്‍ജിന്റെ പക്കല്‍നിന്ന് കണ്ടെടുത്തതായി വിതുര പോലീസ് അറിയിച്ചു.
ആകാശവാണി നിലയം വളപ്പില്‍നിന്ന് ചന്ദനം മുറിച്ചതിന് മ്യൂസിയം സ്റ്റേഷനില്‍ ജോര്‍ജിനെതിരെ കേസുണ്ട്. സെക്യൂരിറ്റിയെ ആക്രമിച്ചതിന് വേറെ കേസുമുണ്ട്. പാലോട്, തമിഴ്നാട്ടിലെ ചെങ്കോട്ട, അംബാസമുദ്രം സ്റ്റേഷനുകളിലും ജോര്‍ജിന്റെ പേരില്‍ ചന്ദനമോഷണ കേസുകളുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. വിതുര കല്ലാര്‍ കേന്ദ്രീകരിച്ച് അന്തസ്സംസ്ഥാന ചന്ദനമോഷണ സംഘം പ്രവര്‍ത്തിക്കുന്നതായി നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു. തമിഴ്നാട് പോലീസ് നിരവധിതവണ ഇവിടെ അന്വേഷണത്തിന് എത്തുകയും ചെയ്തിട്ടുണ്ട്.


