പാങ്ങോട് : കെ.എസ്.ഇ.ബി കല്ലറ സെക്ഷന്റെ പരിധിയില്‍ പലയിടങ്ങളിലും അപകടകരമാംവിധം താഴ്ന്നുകിടക്കുന്ന കെ.വി ലൈനുകള്‍ ഭീഷണിയാകുന്നു. കല്ലറ, പാങ്ങോട് പഞ്ചായത്തുകളില്‍ ഈ ലൈനുകള്‍ കടന്നുപോകുന്ന സ്ഥലങ്ങളിലും ഇതുതന്നെയാണ് അവസ്ഥ.
ഒന്ന് ഉത്സാഹിച്ച് ചാടിയാല്‍ കൈയെത്തും വിധമാണ് ലൈനുകള്‍. 11 കെ.വി ലൈനുകള്‍ കൂടാതെ എച്ച്. ടി ലൈനുകളും എല്‍.ടി ലൈനുകളും ഇത്തരത്തില്‍ കടന്നുപോകുന്നുണ്ട്.
ഇലക്ട്രിസിറ്റി നിയമത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ലൈനുകള്‍ സ്ഥാപിക്കുമ്പോള്‍ ഭൂമിയുമായും മറ്റു ഘടകങ്ങളുമായും നിശ്ചിത ദൂരം പാലിക്കുകയെന്നത്. മുമ്പൊക്കെ ലൈനുകള്‍ സ്ഥാപിക്കുമ്പോള്‍ കൃത്യമായും നിയമങ്ങള്‍ പാലിച്ചിരുന്നു. എന്നാല്‍ പിന്നീട് വയലുകള്‍, ചതുപ്പുകള്‍ തുടങ്ങിയ സ്ഥലങ്ങള്‍ വ്യാപകമായി മണ്ണിട്ട് നികത്തിയതോടെ നിയമം കാറ്റില്‍ പറന്നു. അധികൃതരാകട്ടെ ഇതിന് കണ്ണടച്ച് കൂട്ടുനിന്നു.
പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ വന്നതോടെ ചുരുക്കം സ്ഥലങ്ങളില്‍ മാത്രം നടപടിയുണ്ടായി. ലൈനുകള്ക്കടിയിലെ ഭൂമി നികത്തിയവര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ച പിഴയടച്ച് നടപടികളില്‍ നിന്ന് ഒഴിവായി. പോസ്റ്റ് മാറ്റിസ്ഥാപിക്കാനുള്ള ചെലവുകളാണ് ഇങ്ങനെ പിഴയായി വാങ്ങുന്നത്.
എന്നാല്‍ പിഴ ഈടാക്കിയാലും പോസ്റ്റുകള്‍ ഉയര്‍ത്തി പുനഃസ്ഥാപിക്കാന്‍ താത്പര്യം കാട്ടാറില്ല. പണം കീശയില്‍ വന്നുകഴിഞ്ഞാല്‍ എല്ലാം പരിഹരിച്ചു എന്ന നിലപാടാണ് ബോര്‍ഡിനുള്ളത്. നാട്ടുകാര്‍ കറണ്ടടിച്ച് ചത്താലും ഇവര്‍ക്കെന്താ ചേതം?

