പാലോട്. ഫോറസ്റ്റ് റേഞ്ച് ഓഫിസില്‍ നിന്ന് ആനക്കൊമ്പ് മോഷണംപോയ സംഭവത്തില്‍ അന്വേഷണം മൂന്നാം ദിവസത്തിലെത്തിയെങ്കിലും തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്നു പൊലീസ് പറയുന്നു. ഏതായാലും ജനല്‍ക്കമ്പി വളച്ചാണു മോഷ്ടിച്ചതെന്ന വനപാലകരുടെ വാദം അംഗീകരിക്കാനാവില്ലെന്നു തന്നെയാണു പൊലീസ് എത്തിച്ചേര്‍ന്നിരിക്കുന്നത്. അതുകൊണ്ടു തന്നെ കാണാതായതിനു പിന്നില്‍ വ്യക്തമായ ദുരൂഹതയുണ്ടെന്ന നിഗമനത്തില്‍ തന്നെയാണു പൊലീസിന്റെ അന്വേഷണം നീങ്ങുന്നത്.
രണ്ടു വര്‍ഷത്തോളമായി ചരിഞ്ഞ നാട്ടാനയുടെ കൊമ്പ് സൂക്ഷിക്കാന്‍ ആന ഉടമയുടെ ചെലവില്‍ തന്നെ ഇരുമ്പ് പെട്ടി നിര്‍മിച്ചു വാങ്ങിയിരുന്നതായും പറയുന്നു. പെട്ടിക്കുള്ളില്‍ സൂക്ഷിക്കാതെ ജനലിനു സമീപം വച്ചിരുന്നു എന്നതു തന്നെ ദുരൂഹത ഉളവാക്കുന്നതാണ്. കൊമ്പ് കാണാതായതിനു പിന്നില്‍ വ്യക്തമായ ഗൂഢാലോചന നടന്നു എന്നു തന്നെയാണു കരുതുന്നത്.

