വിതുര: വഴയില മുതല്‍ പൊന്മുടി വരെയുള്ള സംസ്ഥാനഹൈവേയില്‍ പട്രോളിങ് നടത്താന്‍ നിയോഗിക്കപ്പെട്ട ഹൈവേ പോലീസിന്റെ സാന്നിധ്യം നെടുമങ്ങാടിന് അപ്പുറത്തേക്ക് ഉണ്ടാവുന്നില്ലെന്ന് ആക്ഷേപമുയരുന്നു. ഇതോടെ വിതുര-പൊന്മുടി റൂട്ടില്‍ സഞ്ചാരികള്‍ കാട്ടിക്കൂട്ടുന്ന അക്രമം പെരുകുകയാണ്.
ആധുനിക സൗകര്യങ്ങളുള്ള ടവേര വാനിലാണ് ഹൈവേ പോലീസ് സഞ്ചരിക്കുന്ന പോലീസ് സ്റ്റേഷനായി പ്രവര്‍ത്തിച്ചിരുന്നത്. കല്ലാറിനും പൊന്മുടിക്കും ഇടയ്ക്കുള്ള വിജനമായ പാതകളില്‍ ഇവരുടെ സാന്നിധ്യം അനുഗ്രഹമായിരുന്നു. അക്രമം കാട്ടി മുങ്ങുന്നവരെ വഴിയില്‍ പിടികൂടാനും ഹൈവേ പോലീസ് സജീവമായി രംഗത്തുണ്ടായിരുന്നു. എന്നാലിപ്പോള്‍ വാന്‍ കാണാനേയില്ല. ആകെയുള്ളത് ഒരു പഴയ ജീപ്പ്. അത് മിക്കപ്പോഴും വഴയിലയ്ക്കും നെടുമങ്ങാടിനും ഇടയ്ക്ക് ഏതെങ്കിലും തണലുള്ള സ്ഥലത്ത് പാര്‍ക്കുചെയ്ത നിലയിലുമാണ്.
വിശാലമായ സുരക്ഷാകാഴ്ചപ്പാടോടെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ഹൈവേ പോലീസ് തുടങ്ങിയത്. ഒരു സ്ഥലത്തും നിശ്ചിത സമയത്തില്‍ കൂടുതല്‍ നിര്ത്തിയിട്ടിരിക്കാന് പാടില്ല, ഹെല്‍മറ്റ് പരിശോധന മാത്രം പോരാ തുടങ്ങിയ നിര്‍ദേശങ്ങളും അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന് നല്‍കിയിരുന്നു.
അവധിദിനങ്ങളില്‍ പലപ്പോഴും ആനപ്പാറ, കല്ലാര്‍, പൊന്മുടി മേഖലകളില്‍ സിനിമാശൈലിയിലുള്ള അടിയാണ് സഞ്ചാരികള്‍ നടത്തുന്നത്. നാട്ടുകാരുമായോ സഞ്ചാരികള്‍ തമ്മിലോ നടക്കുന്ന അടി പലപ്പോഴും അമിതമദ്യപാനത്തെ തുടര്‍ന്നാണ്. വിതുര, പൊന്മുടി പോലീസ് സംഘങ്ങള്‍ക്ക് പലപ്പോഴും സ്ഥലത്തെത്താന്‍ കഴിയാറുമില്ല. ഹൈവേ പോലീസ് ഉണ്ടായിരുന്നപ്പോള്‍ ഇത്ര പ്രശ്നങ്ങളില്ലായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.


