പാലോട്. കെഎഫ്ഡിസി പെരിങ്ങമ്മല സബ്യൂണിറ്റിന്റെ കീഴിലുള്ള ഇടിഞ്ഞാര്‍ ചെന്നല്ലിമൂട് ഭാഗങ്ങളില്‍ രണ്ടു ഹെക്ടറോളം വരുന്ന പ്രദേശത്തെ മുളക്കൂട്ടങ്ങളും ചൂരലും ആഞ്ഞിലിയടക്കമുള്ള മരത്തൈകളും തീവീണു നശിച്ചതായി പരാതി. ഇവിടെ കാറ്റാടി പ്ളാന്റേഷന് മുറിച്ചതിനുശേഷം റീപ്ളാന്റ് ചെയ്യുന്നതിനായി തീയിട്ടതിന്റെ ഭാഗമായിട്ടാണു ബോധപൂര്‍വം പ്രസ്തുത രണ്ടേക്കറോളം പ്രദേശവും തീയിട്ടതെന്നാണു നാട്ടുകാര്‍ പറയുന്നത്.
റീപ്ളാന്റിനുവേണ്ടി തീയിടുമ്പോള്‍ മുളക്കൂട്ടങ്ങള്‍, ചൂരല്‍ എന്നിവ വളരുന്ന പ്രദേശങ്ങളെ പൂര്‍ണമായും ഒഴിവാക്കണം. മാത്രമല്ല 30 സെന്റീമീറ്റര്‍ കനത്തില്‍ കൂടുതലുള്ള മരങ്ങളെയും ഒഴിവാക്കി 20 അടി അകലെവരെ മാത്രമെ തീയിടാവു എന്നും വ്യവസ്ഥയുണ്ട്. എന്നാല്‍ ഇതെല്ലാം കാറ്റില്‍ പറത്തി രണ്ടേക്കറോളം പ്രദേശത്തെ ജൈവവൈവിധ്യത്തെ കൂടി തീയിട്ടു നശിപ്പിക്കുകയും പ്ളാന്റേഷനുവേണ്ടി ചേര്‍ക്കുകയായിരുന്നുവെന്നാണു പരാതി ഉയര്‍ന്നിരിക്കുന്നത്.
കൂടുതല്‍ കുഴിയെടുത്താല്‍ ഉണ്ടാകുന്ന നേട്ടം കണക്കിലെടുത്താണത്രെ ഇത്തരത്തില്‍ തീയിട്ടു നശിപ്പിച്ചതെന്നു പറയുന്നു. ഇതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ മരങ്ങളെ ഒഴിവാക്കി തന്നെയാണു തീയിട്ടതെന്നും ഒന്നു രണ്ടു മുളകള്‍ മാത്രമാണു തീയിട്ടപ്പോള്‍ കരിഞ്ഞതെന്നും ഇതുതന്നെ പ്ളാന്റ് ചെയ്ത മുളകളല്ലെന്നും മറ്റു പരാതികള്‍ ശരിയല്ലെന്നും കെഎഫ്ഡിസി പെരിങ്ങമ്മല ഡിവിഷന് മാനേജര്‍ ജയകുമാര്‍ പറഞ്ഞു.


