കുളത്തൂപ്പുഴ: തിരുവനന്തപുരം വനം ഡിവിഷനില്‍ ഉള്‍പ്പെട്ട മൈലമൂട്ടിലെ സംരക്ഷിത വനമേഖലയില്‍ വനം കൊള്ള വ്യാപകമാകുന്നു. മൈലമൂട് സെക്ഷന്‍ പരിധിയിലെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍നിന്നു മാത്രം ആറ് കൂറ്റന്‍ തേക്കുകളാണ് കടത്തിയിട്ടുള്ളത്. പച്ച തേക്കുകള്‍ ചുവട്ടുവെട്ടി ഉണക്കിയശേഷമാണ് കഷണങ്ങളാക്കി കടത്തുന്നത്.
ഇത്തരത്തില്‍ കടത്തിയ തേക്കുകളുടെ ചുവടുകള്‍ നെല്ലിക്കടവ്, ചിറയ്ക്കല്‍ക്കടവ് എന്നിവിടങ്ങളില്‍ കാണാം. തിരുവനന്തപുരം-ചെങ്കോട്ട അന്തഃസംസ്ഥാന പാതയ്ക്ക് 200 മീറ്റര്‍ അകലെനിന്നുപോലും തേക്കുകള്‍ കടത്തിയിട്ടുണ്ട്. കല്ലടയാറ്റില്‍ ജലനിരപ്പ് താഴ്ന്നതോടെ വിജനമായ പാതയിലെത്തിച്ച് വാഹനങ്ങളിലാണ് തടികള്‍ കടത്തുന്നതെന്നാണ് സൂചന. തേക്ക് കടത്തിയ സംഭവത്തില്‍ ജനവരിയില്‍ കുളത്തൂപ്പുഴ വനം റേഞ്ചില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണെന്ന് വനപാലകര്‍ പറയുന്നു.
എന്നാല്‍ നഷ്ടം കുറച്ചുകാട്ടി പേരിനുമാത്രമാണ് അന്വേഷണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മിക്ക കേസുകളിലും വര്‍ഷങ്ങളായി അന്വേഷണം നടത്തിയിട്ടും പ്രതികളെ കണ്ടെത്താനായിട്ടില്ല. കൂടാതെ വനമേഖലയില്‍ കാട്ടുതീ ഉണ്ടാക്കി മോഷണം പോയ മരങ്ങളുടെ ശേഷിപ്പുകള്‍ കത്തിച്ചുകളയുന്നതായും സൂചനകളുണ്ട്.

