
പാലോട്: പാലോട് വനം റെയ്ഞ്ച് ഓഫീസില്‍ നിന്നും മൂന്നു ലക്ഷം രൂപ വിലവരുന്ന ആനക്കൊമ്പ് മോഷണം പോയ കേസില്‍ അഞ്ചുപേരെ പാലോട് പോലീസ് അറസ്റ്റുചെയ്തു. പെരിങ്ങമ്മല, കൊപ്പത്തുവിള കോളനിയില്‍ ആര്‍. വിനോദ് (24), സഹോദരീഭര്‍ത്താവ് തോന്നക്കല്‍ ശശിമന്ദിരത്തില്‍ ശ്യാം (29), ഇടനിലക്കാരായി പ്രവര്‍ത്തിച്ച ശ്രീകാര്യം ഈന്തിവിള വീട്ടില്‍ രാജീവ് (32), പോത്തന്‍കോട് വിപിന്‍ നിവാസില്‍ വിപിന്‍ (28), പോത്തന്‍കോട് രജിഭവനില്‍ രജികുമാര്‍ (29) എന്നിവരാണ് അറസ്റ്റിലായത്.
മാര്‍ച്ച് 12നാണ് റെയ്ഞ്ച് ഓഫീസിന്റെ സ്റ്റോര്‍റൂമില്‍ സൂക്ഷിച്ചിരുന്ന നാല് ആനക്കൊമ്പുകളില്‍ ഒന്ന് മോഷണം പോയത്. സംഭവത്തെപ്പറ്റി പോലീസ് ഭാഷ്യം ഇങ്ങനെ:
വിനോദ് റെയ്ഞ്ച് ഓഫീസില്‍ ആശാരിപ്പണിക്ക് വന്നിരുന്നു. ഇതിനിടയില്‍ സ്റ്റോര്‍റൂമില്‍ ഇരുന്ന ആനക്കൊമ്പ് വിനോദിന്റെ ശ്രദ്ധയില്‍പ്പെട്ടു. മാര്‍ച്ച് 1ന് 11 മണിയോടെ ജനല്‍ക്കമ്പി വളച്ച് കര്‍ട്ടന്‍തുണിയില്‍ പൊതിഞ്ഞെടുത്ത ആനക്കൊമ്പ് റോഡിന് സമീപത്തായി ഒളിപ്പിച്ചുവെച്ചു. തുടര്‍ന്ന് സഹോദരീഭര്‍ത്താവ് ശ്യാമിനെ വിളിച്ചുവരുത്തി രാത്രി 12 മണിയോടെ ബൈക്കില്‍ സ്ഥലത്തെത്തി കൊമ്പ് ചാക്കിലാക്കി നേരേ തോന്നയ്ക്കലേക്ക് കൊണ്ടുപോയി.
ഇവിടെവെച്ച് ശ്യാമിന്റെ സുഹൃത്തുക്കളായ രാജീവ്, വിപിന്‍, രജികുമാര്‍ എന്നിവരെക്കൂടി ഒപ്പംചേര്‍ത്ത് കൊമ്പ് വില്പനയ്ക്കള്ള ശ്രമങ്ങള്‍ നടത്തി. വലിയൊരു നായര്‍ തറവാട്ടില്‍വെച്ച് ചരിഞ്ഞുപോയ ആനയുടെ കൊമ്പാണെന്നും ഇപ്പോള്‍ കുറച്ച് സാമ്പത്തിക ഞെരുക്കം വന്നതിനാലാണ് വില്‍ക്കുന്നതെന്നുമാണ് സംഘം പറഞ്ഞത്. ഇത് വിശ്വസിച്ച് തിരുവനന്തപുരം ഈഞ്ചയ്ക്കല്‍ സ്വദേശി തുളസി എന്ന ആനക്കൊമ്പ് ശില്പി 1,81,000 രൂപ നല്‍കി വിനോദില്‍ നിന്നും കൊമ്പ് വിലയ്ക്കുവാങ്ങി. മാര്‍ച്ച് 13ന് കൊമ്പ് മോഷണം പോയവിവരം ജീവനക്കാര്‍ അറിഞ്ഞു. റെയ്ഞ്ച് ഓഫീസര്‍ അനില്‍കുമാര്‍ പാലോട് പോലീസിന് പരാതി നല്‍കി. പത്രവാര്‍ത്തകള്‍ വന്നതോടെ തുളസി കൊമ്പ് തിരികെ സംഘത്തിന് നല്‍കി.
പോലീസ് കേസന്വേഷണം ഊര്‍ജിതമാക്കിയതോടെ കൊമ്പ് ഉപേക്ഷിക്കാന്‍ സംഘം തീരുമാനിച്ചു. തുടര്‍ന്ന് കൊമ്പ് മൂന്ന് കഷണങ്ങളായി മുറിച്ച് ബാഗിലടച്ച് മുളകുപൊടി വിതറി ശ്യാം നെടുമങ്ങാട് മുത്തുമാരിയമ്മന്‍ കോവിലിന്റെ മുന്നില്‍ ഉപേക്ഷിച്ചു. നാട്ടുകാര്‍ കണ്ടെത്തിയ കൊമ്പ് പോലീസിനെ വിളിച്ചുവരുത്തി ഏല്പിച്ചു. റെയ്ഞ്ച് ഓഫീസില്‍ പണിക്കുവന്നവരുടെ ഫോണ്‍നമ്പരുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ വലയിലാക്കാന്‍ സഹായിച്ചത്.
ശില്പി തുളസി ഉള്‍പ്പടെ ഇനിയും ചിലരെക്കൂടി പിടികൂടാനുണ്ടെന്ന് അന്വേഷണത്തിന് നേതൃത്വം കൊടുക്കുന്ന പാലോട് സി.ഐ. പ്രദീപ്കുമാര്‍ പറഞ്ഞു.
നെടുമങ്ങാട് ഡിവൈ.എസ്.പി. കെ. മുഹമ്മദ്ഷാഫി, നെടുമങ്ങാട് സി.ഐ. സുരേഷ്‌കുമാര്‍, പാലോട് എസ്.ഐ. ബി. ബൈജു, ഷാഹുല്‍ ഹമീദ്, ഷിബു, രത്‌നാകരന്‍, അനില്‍കുമാര്‍, ഷജീം എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പതിനെട്ട് ദിവസത്തിനുള്ളില്‍ പ്രതികളെ പിടികൂടി നേട്ടത്തിന്റെ പട്ടികയില്‍ ഇടംനേടിയത്. പ്രതികളെ നെടുമങ്ങാട് കോടതി റിമാന്‍ഡ് ചെയ്തു. ആനക്കൊമ്പ് വനംവകുപ്പിന് കൈമാറി.

