WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Friday, April 13, 2012

നന്ദിയോട് ബ്ളോക്ക് പഞ്ചായത്ത് സ്വപ്നം പൂവണിയുമോ ?


പാലോട്: ആനുകൂല്യം കൈപ്പറ്റാനായാലും അപേക്ഷ സമര്‍പ്പണത്തിനായാലും കിഴക്കന്‍ മലയോരവാസികള്‍ക്ക് ബ്ളോക്ക് പഞ്ചായത്താഫീസിലെത്തണമെങ്കില്‍ ചുറ്റിത്തിരിഞ്ഞ് 30 കിലോമീറ്ററെങ്കിലും യാത്ര ചെയ്യണം.

പാലോട്, പെരിങ്ങമ്മല ,നന്ദിയോട് പ്രദേശവാസികള്‍ എം.സി റോഡില്‍ സ്ഥിതി ചെയ്യുന്ന വാമനപുരം ബ്ളോക്ക് ഓഫീസിലാണ് എത്തേണ്ടത്. വിതുര, തൊളിക്കോട് പ്രദേശവാസികളാകട്ടെ വെള്ളനാട് ബ്ളോക്ക് ആഫീസിലും. ഉള്‍നാടന്‍ ഗ്രാമങ്ങളുടെ സമഗ്ര വികസനമാണ് ഇതു മുഖാന്തിരം തകിടം മറിഞ്ഞിരിക്കുന്നത്.

പാങ്ങോട്, നന്ദിയോട്, പെരിങ്ങമ്മല, വിതുര , തൊളിക്കോട്, പനവൂര്‍, ആനാട് എന്നീ ഗ്രാമപഞ്ചായത്തുകള്‍ ചേര്‍ത്ത് നന്ദിയോട് കേന്ദ്രമാക്കി ബ്ളോക്ക് പഞ്ചായത്ത് രൂപീകരിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും അധികൃതര്‍ മുഖവിലയ്ക്കെടുക്കുന്നില്ല.
ഇതു സംബന്ധിച്ച് സന്നദ്ധ സംഘടനകളും പൊതുപ്രവര്‍ത്തകരും സമര്‍പ്പിച്ച നിവേദനങ്ങള്‍ക്കും മറുപടിയില്ല. ഇനിയും വൈകിയാല്‍ സമീപ പ്രദേശങ്ങള്‍ സമസ്ത മേഖലകളിലും വളര്‍ച്ച നേടിയാലും മലയോര ഗ്രാമങ്ങളുടെ വികസന സ്വപ്നങ്ങള്‍ പാഴാവുമെന്നതാണ് വസ്തുത.

പഞ്ചായത്തുകളുടെ അതിര്‍ത്തി സംബന്ധമായ വടംവലിയെത്തുടര്‍ന്ന് വികസനമറ്റ പാലോട് ടൌണിനാകും ഇതിന്റെ ഏറ്റവും വലിയ നഷ്ടം. ഒരു താലൂക്കാസ്ഥാനത്തിനു വേണ്ട സര്‍ക്കാര്‍ സ്ഥാപനങ്ങളും വ്യാപാര കേന്ദ്രങ്ങളും വിവിധ സേവന കേന്ദ്രങ്ങളും ഉണ്ടായിട്ടും അടിസ്ഥാന വികസന കാര്യങ്ങളില്‍ പാലോട് ടൌണ്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പ്രധാന കാരണം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി തര്‍ക്കങ്ങളാണ്. റോഡു വികസനം മുതല്‍ വെയിറ്റിംഗ് ഷെഡ് നിര്‍മ്മാണം വരെ അതില്‍പ്പെടും.


അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിനു മുമ്പായി നടക്കുന്ന പുതിയ ബ്ളോക്ക് പഞ്ചായത്ത് രൂപീകരണ നടപടികളിലെങ്കിലും പുനര്‍ വിഭജന പ്രക്രിയകളിലൂടെ നന്ദിയോടിന് ബ്ളോക്ക് പഞ്ചായത്ത് പദവി അനുവദിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. മലയോര ബ്ളോക്ക് നിലവില്‍ വരുന്നതോടെ ആദിവാസി, പിന്നാക്ക, നിര്‍ദ്ധന ജനവിഭാഗങ്ങളുടെ അഭൂതപൂര്‍വ്വമായ ഉന്നമനത്തിനാവും ഗ്രാമങ്ങള്‍ സാക്ഷ്യം വഹിക്കുക. ഇതു സംബന്ധിച്ച് ആദിവാസി സേവാ കാര്യാലയം ചെയര്‍മാന്‍ ചെമ്പന്‍കോട് വി. മണികണ്ഠന്‍ മുഖ്യമന്ത്രിക്കും പഞ്ചായത്ത് വകുപ്പു മന്ത്രിക്കും നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്.