പാലോട്: റോഡിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാത്തതില്‍ അരിശംപൂണ്ട് കെ.എസ്.ആര്.ടി.സി ഡ്രൈവറും കണ്ടക്ടറും സ്ത്രീകളടക്കമുള്ള യാത്രക്കാരെ രാത്രി വിജന പ്രദേശത്ത് ഇറക്കി വിട്ടതായി പരാതി ഉയര്‍ന്നു.
കഴിഞ്ഞ ദിവസം രാത്രി 8.10 ഓടെ പാലോട് നിന്നും ഇക്കോ ടൂറിസം സെന്ററായ ഇടിഞ്ഞാറിലേക്ക് പുറപ്പെട്ട ഓര്‍ഡിനറി ബസിലെ ജീവനക്കാരാണ് തന്നിഷ്ടം കാട്ടിയത്. ഇടിഞ്ഞാര്‍ ജംഗ്ഷനില്‍ നിന്ന് ഒരു കി.മീറ്റര്‍ മാറി മുല്ലച്ചല്‍ എന്ന വനപ്രദേശത്താണ് യാത്രക്കാരെ ഇറക്കി വിട്ടത്. ഈ സമയം ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായിരുന്നതായി യാത്രക്കാരനായ റിജു അലക്സ് പറയുന്നു. മഴയില്‍ നനഞ്ഞൊലിച്ചാണ് പലരും വീടുകളിലെത്തിയത്. 15 യാത്രക്കാരുണ്ടായിരുന്നു.
അടുത്തിടെ റീടാറിംഗ് നടത്തിയ റോഡില്‍ മുല്ലച്ചല്‍ ഭാഗത്ത് മാത്രമാണ് അറ്റകുറ്റപ്പണി അവശേഷിക്കുന്നത്. ഇതു വൈകുന്നതില്‍ ക്ഷുഭിതരായാണ് ട്രാന്. ജീവനക്കാരുടെ നടപടി. പാലോട് ഡിപ്പോയിലേതാണ് ബസ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഡിപ്പോ അധികൃതര്‍ പറഞ്ഞു.


