
വിതുര. മീനച്ചൂടിന്റെ കാഠിന്യവും അനിയന്ത്രിതമായ മണലൂറ്റും മൂലം വറ്റിവരണ്ട കല്ലാര്‍ നദിയില്‍ പടക്കംപൊട്ടിച്ച് മീന്‍പിടിക്കുന്നതായി പരാതി. കല്ലാര്‍ ഇക്കോ ടൂറിസം പദ്ധതിപ്രദേശത്തു കഴിഞ്ഞ ദിവസം രാത്രി വ്യാപകമായി തോട്ടപൊട്ടിച്ച് മീന്‍പിടിച്ചു. മേഖലയില്‍ ധാരാളം മീനുകളുണ്ട്. നീരൊഴുക്ക് ഗണ്യമായി കുറഞ്ഞ സമയത്ത് തോട്ട പൊട്ടിച്ചതോടെ നദി മലിനപ്പെടുകയും മീനുകള്‍ ചത്തു പൊങ്ങി അഴുകി ദുര്‍ഗന്ധം വമിക്കുകയും ചെയ്യുന്നു. മണലൂറ്റുസംഘം വന്‍തോതില്‍ മണലൂറ്റി കടത്തുന്ന മേഖലകൂടിയാണിത്.
നദി മലിനപ്പെട്ടതുമൂലം കുളിക്കാനും മറ്റും കഴിയാത്ത അവസ്ഥയാണെന്നു നാട്ടുകാര്‍ പറഞ്ഞു. വിനോദസഞ്ചാരികളുടെ പറുദീസയായ മീന്‍മുട്ടി കടവില്‍ വരെ പടക്കം പൊട്ടിച്ച് മീന്‍ പിടിച്ചതായി സ്ഥലവാസികള്‍ അറിയിച്ചു. പടക്കം പൊട്ടിച്ചു നദി മലിനപ്പെടുത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കല്ലാര്‍ നിവാസികള്‍ അധികൃതര്‍ക്കു പരാതിനല്‍കി. കല്ലാറിനു പുറമെ, ഇരുപത്തിയേഴ്, വട്ടക്കയം, ആനപ്പാറ, ആറ്റിന്‍പുറം, ചെറ്റച്ചല്‍ കടവുകളിലും മീന്‍പിടിക്കുന്നതായി നേരത്തേ പരാതി ഉയര്‍ന്നിരുന്നു.
കല്ലാര്‍ മേഖലയിലെ അപകടങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും വാറ്റ്-ചന്ദന കടത്ത്, മോഷണം എന്നിവയ്ക്കും തടയിടാനായി കല്ലാര്‍ കേന്ദ്രമാക്കി പത്തു വര്‍ഷം മുന്‍പ് അനുവദിച്ച പൊലീസ് ഔട്ട്പോസ്റ്റ് ഇപ്പോഴും കടലാസിലുറങ്ങുകയാണ്.

