പാലോട്. അവഗണനയുടെ കയത്തിലാണ്ട കിഴക്കന്‍ മലയോര മേഖലയുടെ വികസനസ്വപ്നങ്ങള്‍ പൂവണിയുന്നതുകാത്ത് പ്രതീക്ഷയുടെ ലോകത്തു ജനം കഴിയാന്‍തുടങ്ങിയിട്ടു നാളേറെയായി. ഇതുവഴിയുള്ള റയില്‍വേയും അതിവേഗ റോഡ്വേയും യാഥാര്‍ഥ്യമാകാത്തതുമൂലം ഇന്നും അവികസിതമായി കഴിയുകയാണു കിഴക്കന്‍ മേഖല. റയില്‍പ്പാത വരുമെന്ന പ്രതീക്ഷയുടെ ലോകത്തു കഴിയാന്‍തുടങ്ങിയിട്ടു വര്‍ഷങ്ങളായി. ഇതിനകം തന്നെ റയില്‍വേയുടെ ആവശ്യകത ചൂണ്ടിക്കാട്ടി വാര്‍ത്തകളും ചര്‍ച്ചകളും അനവധി ഉയര്‍ന്നെങ്കിലും അതിനായുള്ള ശ്രമത്തിന് ആക്കം കൂടുന്നില്ല എന്നതാണു യാഥാര്‍ഥ്യം.
വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ റയില്‍വേ മന്ത്രാലയം മലയോര റയില്‍വേ എന്ന പദ്ധതിക്കു രൂപം നല്‍കി നടത്തിയ പഠനത്തില്‍ തമിഴ്നാടിനെ കേരളവുമായി ബന്ധിപ്പിക്കുന്ന ചെങ്കോട്ട- തിരുവനന്തപുരം, ചെങ്കോട്ട- നാഗര്‍കോവില്‍ എന്നീ പാതകള്‍ സാധ്യതാ ലിസ്റ്റില്‍ ഇടംനേടിയെങ്കിലും അതിനെ പ്രായോഗികതലത്തിലേക്ക് ഉയര്‍ത്താനുള്ള ശ്രമങ്ങളാണു നടക്കാതെപോകുന്നത്.
സാധ്യതാ ലിസ്റ്റില്‍ ഒന്ന്, ചെങ്കോട്ട- തെന്മല-കുളത്തൂപ്പുഴ, മടത്തറ, പാലോട്- ചുള്ളിമാനൂര്‍-നെടുമങ്ങാട് വഴി തിരുവനന്തപുരവും മറ്റൊന്നു പാലോട് നിന്നു പെരിങ്ങമ്മല - വിതുര- പനയ്ക്കോട്- ആര്യനാട്-പൂവച്ചല്‍- കാട്ടാക്കട-നെയ്യാറ്റിന്‍കര വഴി നാഗര്‍കോവില്‍ എന്നിവയുമാണു പഠനത്തില്‍ സാധ്യത നേടിയത്. ഇതില്‍ ഏതു പാത യാഥാര്‍ഥ്യമായാലും കിഴക്കന്‍ മലയോര മേഖലയെ സംബന്ധിച്ചു മുതല്‍ക്കൂട്ടാവും.
കൃഷി മേഖലയുടെ ഉണര്‍വിനും ചരക്കു നീക്കത്തിനു വേഗം കൂട്ടാനും ഒപ്പം തെങ്കാശി, നാഗര്‍കോവില്‍, തിരുവനന്തപുരം യാത്രയ്ക്ക് അനായാസം കൈവരാനും സാധിക്കും.
അതു പോലെ തന്നെ വികസനത്തിന്റെ ഗതി മാറ്റാന്‍ പര്യാപ്തമായ കല്ലാര്‍ - അംബാസമുദ്രം അതിവേഗ റോഡും അവഗണനയുടെ കയത്തില്‍ തന്നെ. ഈ റോഡ് ഗതാഗതയോഗ്യമാക്കുന്നതിലൂടെ തിരുവനന്തപുരം - തിരുനെല്‍വേലി യാത്രയില്‍ നിലവിലെ ദൂരത്തില്‍ 35 കി.മീ കുറയും. 1863ലെ റീസര്‍വേയില്‍ പ്രസ്തുത റോഡിനെ കുറിച്ചു പറയുന്നുണ്ട്. 'ട്രാവന്‍കൂര്‍ പാസ്വേ എന്നാണു റോഡ് അറിയപ്പെടുന്നത്. കേരളം ഇന്ന് ഈ പാത ശ്രദ്ധിക്കുന്നില്ലെങ്കിലും തമിഴ്നാടിന്റെ അതിര്‍ത്തിയിലുള്ള അംബാസമുദ്രം - പാണ്ടിപത്ത് വരെയുള്ള ഭാഗം ഇന്നും ഗതാഗതയോഗ്യമാണ്.
പ്രസ്തുത റോഡ് പുനര്‍ നിര്‍മിക്കണമെന്ന ആവശ്യം വ്യാപകമായിട്ടുണ്ട്. റയില്‍വേയും അതിവേഗ പാതയും യാഥാര്‍ഥ്യമായാല്‍ കിഴക്കന്‍ മലയോര മേഖലയിലെഇന്നത്തെ വികസന പിന്നാക്കവസ്ഥയ്ക്കു പരിഹാരമാകും. ലോകത്തു തന്നെ ശ്രദ്ധേയമായ ഒട്ടേറെ ഗവേഷണ സ്ഥാപനങ്ങളും ടൂറിസം കേന്ദ്രങ്ങളും അടക്കമുള്ള കിഴക്കന്‍ മലയോര മേഖലയുടെ വികസനത്തിനു കൂട്ടായ്മയിലൂടെയുള്ള അതിവേഗ തീരുമാനമാണു വേണ്ടതെന്നാണു പൊതുജനാഭിപ്രായം.


