പാലോട്: പാലോട് ഗവ. ആസ്പത്രിയെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തിയത് 2009 ഡിസംബറില്‍. അതിനുമുമ്പ് പി.എച്ച്.സി. ആയിരുന്നപ്പോള്‍ ഉണ്ടായിരുന്നത് രണ്ട് ഡോക്ടര്‍മാര്‍. ഇപ്പോള്‍ ലക്ഷങ്ങള്‍ ചെലവിട്ട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ആക്കിയപ്പോള്‍ അഞ്ച് മണികഴിഞ്ഞാല്‍ ഇവിടെയുള്ള രോഗികള്‍ അനാഥര്‍. അത്യാഹിതങ്ങള്‍ സംഭവിച്ച് ഇവിടെ എത്തുന്നവര്‍ക്ക് സ്വകാര്യ ആസ്പത്രികളോ 18 കി.മീ. അകലെയുള്ള നെടുമങ്ങാട് താലൂക്ക് ആസ്പത്രിയോ ശരണം.
കഴിഞ്ഞ മുപ്പത് വര്‍ഷമായി പാലോട്ടുകാര്‍ ഈ ദുരിതം അനുവഭിച്ചുതുടങ്ങിയിട്ട്. ഏഴ് ഡോക്ടര്‍മാര്‍വേണ്ട സ്ഥലത്തുള്ളത് ആകെ നാലുപേര്‍. ഇവര്‍ നാലുപേരും രാവിലെ 8ന് എത്തി 2ന് മടങ്ങും. ഒ.പി.യില്‍ വരുന്നത് 700 മുതല്‍ 900 വരെ രോഗികള്‍. കിടത്തിചികിത്സിക്കുന്നത് 70 മുതല്‍ 100 വരെ രോഗികളെ. ഗര്‍ഭിണികളെയും കുട്ടികളെയും പ്രത്യേക പരിചരണയ്ക്ക് സംവിധാനങ്ങളില്ല. പ്രതിരോധ കുത്തിവെയ്പുകള്‍ നടത്തുന്നതിനുള്ള സംവിധാനങ്ങളും പരിമിതം.
മരുന്നുകള്‍ സൂക്ഷിക്കുന്ന ഫാര്‍മസിയാകട്ടെ അടിസ്ഥാനസൗകര്യങ്ങള്‍ ഒന്നുമില്ലാത്തത്. കിടത്തിചികിത്സിക്കുന്ന രോഗികള്‍ക്ക് അസുഖം മൂര്‍ച്ഛിച്ചാലോ, ആര്‍ക്കെങ്കിലും അപകടം പിണഞ്ഞാലോ സ്ഥിതി ദയനീയമാണ്. ഇവരെ അടിയന്തരമായി മെഡിക്കല്‍ കോളേജില്‍ എത്തിക്കാന്‍ 108 ആംബുലന്‍സ് സര്‍വീസും ഇവിടെയില്ല.
ജില്ലയില്‍ ഏറ്റവുമധികം ആദിവാസികള്‍ താമസിക്കുന്ന പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്ത്, നന്ദിയോട്, പാങ്ങോട് ഗ്രാമപ്പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെല്ലാമുള്ള രോഗികള്‍ ഈ ആതുരാലയത്തിലാണ് ചികിത്സതേടി എത്തുന്നത്.
എന്‍.ആര്‍.എച്ച്.എം. വഴി കൂടുതല്‍ ഡോക്ടര്‍മാരെ ഇവിടെ എത്തിക്കാം എന്ന അധികൃതരുടെ വാഗ്ദാനം മൂന്ന് വര്‍ഷമായി പ്രാവര്‍ത്തികമാകാതെ കിടക്കുന്നു. വര്‍ധിച്ചുവരുന്ന അപകടമരണങ്ങള്‍ക്ക് ഒരു കാരണം രാത്രികാലങ്ങളില്‍ സംഭവിക്കുന്ന ഇവിടുത്തെ ചികിത്സാ പിഴവാണെന്ന് നാട്ടുകാര്‍ പറയുന്നു.


