
പാലോട്: പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടത്തിലെ രണ്ടേക്കറോളം സ്ഥലത്ത് നട്ടുപിടിപ്പിച്ച സപ്പോട്ടമരം സൂപ്രണ്ടിന്റെ നിര്‍ദേശപ്രകാരം വെട്ടിമാറ്റി. നല്ല വരുമാനവും കായ്ഫലവുമുള്ള വൃക്ഷത്തൈകളാണ് വെട്ടിനശിപ്പിച്ചത്. ഡയറക്ടര്‍ അലക്സാണ്ടര്‍ സാമുവലാണ് നിര്‍ദേശം നല്‍കിയത്. മുറിച്ചുമാറ്റിയവ 20 വര്‍ഷം പ്രായമുള്ള തൈകളാണ്. കഴിഞ്ഞവര്‍ഷം വിളവെടുപ്പില്‍ ഒരുലക്ഷം രൂപയ്ക്കു മുകളില്‍ വരുമാനം ലഭിച്ചതാണ്. പൊതുവിപണിയില്‍ സപ്പോട്ടപ്പഴം 50 രൂപയ്ക്ക് മുകളില്‍ വില്‍ക്കുമ്പോള്‍ കിലേക്ക് 20 രൂപ നിരക്കിലാണ് കൃഷിത്തോട്ടം വില്‍പ്പന നടത്തിയത്. ഇവ മുറിച്ചുമാറ്റരുതെന്ന തൊഴിലാളികളുടെയും കീഴ് ഉദ്യോഗസ്ഥരുടെയും അഭിപ്രായം അവഗണിച്ചാണ് സൂപ്രണ്ട് ഇവ വെട്ടിനശിപ്പിച്ചത്. രണ്ടേക്കര്‍ സ്ഥലത്ത് പുതുപദ്ധതിക്കാണ് ആലോചന. മുറിച്ചുമാറ്റിയ തൈകളില്‍ പാകമാകാത്ത സപ്പോട്ട കായ്കള്‍ ഉണ്ടായിരുന്നു. ഇതിനു സമീപമുള്ള അഞ്ചേക്കര്‍ സപ്പോട്ടത്തോട്ടവും മുറിച്ചുമാറ്റാനാണ് സൂപ്രണ്ടിന്റെ ആലോചന. ഭക്ഷ്യസുരക്ഷാ പദ്ധതിപ്രകാരം ഏഴാംബ്ലോക്കില്‍ പത്തേക്കറില്‍ കൃഷിചെയ്ത മരച്ചീനിയും നശിച്ചുകൊണ്ടിരിക്കുന്നു. എട്ടുമാസമാകുമ്പോഴേക്കും വിളവെടുക്കേണ്ട മരച്ചീനി 17 മാസം കഴിഞ്ഞിട്ടും വിളവെടുത്തിട്ടില്ല. ഫാം കൗണ്‍സില്‍ യോഗത്തില്‍ മരച്ചീനി പൊതുവിപണിയിലെത്തിച്ച് ആറുരൂപ നിരക്കില്‍ വില്‍പ്പന നടത്താനും ആലോചനയുണ്ടായി. ഇതിന് ജില്ലാപഞ്ചായത്ത് അധികൃതരുടെ അനുമതിയും വാങ്ങി. പൊതുവിപണിയില്‍ മരച്ചീനി എത്തിച്ച് വില്‍പ്പന നടത്തുന്നതിനുവേണ്ട പത്രപരസ്യംപോലും നല്‍കാന്‍ സൂപ്രണ്ട് തയ്യാറായിട്ടില്ല.