പാലോട്: മങ്കയം ഇക്കോ ടൂറിസം കേന്ദ്രത്തില്‍ കാട്ടാനക്കൂട്ടമിറങ്ങി. സുരക്ഷാ ജീവനക്കാരുടെ ഷെഡ്ഡുകള്‍ നശിപ്പിച്ചു. കഴിഞ്ഞദിവസം വൈകുന്നേരം ആറ് മണിയോടെയാണ് ചിറ്റാര്‍ വനനിരകള്‍ കടന്ന് കാട്ടാനകള്‍ ഇറങ്ങിയത്. കഴിഞ്ഞമാസവും ഇതേസ്ഥലത്ത് ആനക്കൂട്ടമിറങ്ങി നാശം വിതച്ചു. അന്ന് സ്ത്രീകളുടെ കാവല്‍ മാടങ്ങളാണ് എടുത്തുകളഞ്ഞത്.
മങ്കയം വനംസരക്ഷണസമിതി ജീവനക്കാര്‍ക്ക് ജോലിസമയത്ത് ഉപയോഗിക്കുന്നതിനുവേണ്ടിയാണ് രണ്ട് ഷെഡ്ഡുകള്‍ ഇവിടെ നിര്‍മ്മിച്ചിരുന്നത്. കാട്ടാനയെ കണ്ടാല്‍ ജീവനക്കാര്‍ ജീവനുംകൊണ്ട് ഓടുകയാണ് പതിവ്. ഇവര്‍ക്ക് സ്വന്തം ജീവന്‍ രക്ഷിക്കുന്നതിനുപോലുമുള്ള പരിശീലനങ്ങളോ ഉപകരണങ്ങളോ വനംവകുപ്പ് നല്‍കിയിട്ടില്ല.
മങ്കയം ഇക്കോ ടൂറിസം സെന്റര്‍ സന്ദര്‍ശിക്കാന്‍ എത്തിയ സന്ദര്‍ശകരേയും ആന വിരട്ടിയ സംഭവം ഉണ്ട്. മഴക്കാലത്ത് സന്ദര്‍ശകരെ ചെക്ക്‌പോസ്റ്റില്‍ നിയന്ത്രിക്കണം എന്ന ആവശ്യവും ശക്തമായിവരികയാണ്. പ്രവേശനഫീസായി വി.എസ്.എസ്. പണം പിരിക്കുന്നുണ്ടെങ്കിലും സന്ദര്‍ശകര്‍ക്ക് ആവശ്യംവേണ്ട സുരക്ഷാ സംവിധാനങ്ങളില്ലെന്ന പരാതി വ്യാപകമാണ്.