
പാലോട്: കരാര്‍ തൊഴിലാളികളില്‍നിന്ന് സ്ഥിരം ജോലിക്കാരുടെ പട്ടിക ഉണ്ടാക്കിയതില്‍ ക്രമക്കേട് നടന്നതായി ആരോപിച്ച് ജില്ലാകൃഷിത്തോട്ടത്തില്‍ തൊഴിലാളികള്‍ സമരം തുടങ്ങി. ശനിയാഴ്ച പുലര്‍ച്ചെ ഏഴുമണിയോടെയാണ് സൂപ്രണ്ടിന്റെ ഓഫീസില്‍ സമരം ആരംഭിച്ചത്. 35 സ്ത്രീകളുടെയും 37 പുരുഷന്മാരുടെയും പട്ടികയാണ് പ്രസിദ്ധീകരിച്ചത്.
ഒരു വീട്ടില്‍നിന്ന് മൂന്നുപേര്‍, ഒരു ദിവസം മാത്രം ജോലി ചെയ്തവര്‍, 7000 രൂപ പെന്‍ഷന്‍ വാങ്ങുന്നവര്‍, സര്‍ട്ടിഫിക്കറ്റില്‍ വയസ്സ് തിരുത്തിയവര്‍ എന്നിവരെയെല്ലാംഉള്‍പ്പെടുത്തിയാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന് സമരക്കാര്‍ ആരോപിക്കുന്നു. 2007 മുതല്‍ ഇവിടെ ജോലി ചെയ്തുവരുന്ന 52 പേരെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് സമരം തുടങ്ങിയത്.
ജീവനക്കാരെ ഓഫീസിനുള്ളില്‍ കടത്തിവിടാതെയാണ് സമരം. അതിനാല്‍ സൂപ്രണ്ട് ഹാജര്‍ ബുക്കുമായി ഓഫീസിനു പുറത്തുവന്നെങ്കിലും പട്ടികയില്‍ ഉള്‍പ്പെട്ടവരെ ഒപ്പുവെയ്ക്കാന്‍ സമരക്കാര്‍ അനുവദിച്ചില്ല.
ഉന്നതോദ്യോഗസ്ഥരുടെ ആശ്രിതരായി നിന്നവരെ മാത്രമാണ് ഇപ്പോഴത്തെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് സമരക്കാര്‍ പറയുന്നു.
സമരക്കാരെ അറസ്റ്റ് ചെയ്തുനീക്കുന്നതിനായി പാലോട് സ്റ്റേഷനില്‍നിന്നും പോലീസിനെ വിളിച്ചുവരുത്തിയെങ്കിലും അറസ്റ്റ് ചെയ്തു നീക്കാന്‍ പോലീസ് തയ്യാറായില്ല. രാവിലെ 7ന് മുമ്പുതന്നെ സൂപ്രണ്ട് ഫാമിനകത്തുകയറി.
ലിസ്റ്റിന്റെ ക്രമക്കേട് പരിഹരിക്കുന്നതുവരെ സമരം തുടരും. വൈകീട്ട് 6.30ന് ആദ്യദിവസത്തെ സമരം തീര്‍ന്നു.

