വിതുര: ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രമായ കല്ലാര്‍ മീന്‍മുട്ടിയില്‍ വനംവകുപ്പിന്റെ 'പൂട്ട്'. സുരക്ഷാസംവിധാനങ്ങളൊരുക്കാനായി മൂന്നുമാസം മുമ്പ് പ്രവേശനം നിര്‍ത്തിവെച്ച മീന്‍മുട്ടിയില്‍ വെള്ളച്ചാട്ടത്തിലേക്കുള്ള വഴി തന്നെ കെട്ടിയടച്ചാണ് അധികൃതര്‍ 'സുരക്ഷ' ഒരുക്കിയത്. ഈ നടപടി താന്‍ അറിഞ്ഞില്ലെന്ന് തിരുവനന്തപുരം ഡി.എഫ്.ഒ. ടി. ഉമ 'മാതൃഭൂമി'യോടു പറഞ്ഞു.
കഴിഞ്ഞ ഒക്‌ടോബര്‍ രണ്ടിന് ഉത്തരേന്ത്യന്‍ യുവ എന്‍ജിനീയര്‍മാര്‍ ഇവിടെ മുങ്ങിമരിച്ചതിനെ തുടര്‍ന്നാണ് പ്രവേശനം നിര്‍ത്തിയത്. തുടര്‍ന്ന് ഡി.എഫ്.ഒ. പലവട്ടം ഇവിടം സന്ദര്‍ശിക്കുകയും വിപുലമായ സുരക്ഷാപദ്ധതി തയ്യാറാക്കുകയും ചെയ്തു. വെള്ളച്ചാട്ടത്തിലെ കയത്തിലേക്ക് സന്ദര്‍ശകര്‍ ഇറങ്ങാത്ത രീതിയിലുള്ള പദ്ധതി നടപ്പാക്കാനുള്ള ചുമതല ഡി.ടി.പി.സിക്ക് നല്‍കാനും ധാരണയായിരുന്നു. എന്നാല്‍ പുതുവര്‍ഷത്തില്‍ മീന്‍മുട്ടി പ്രവേശനം പുനരാരംഭിക്കാനുള്ള ധൃതിപിടിച്ച നീക്കത്തിന്റെ ഭാഗമായാണ് വെള്ളച്ചാട്ടത്തിലേക്കുള്ള വഴി കെട്ടിയടച്ചത്.
വെള്ളച്ചാട്ടം വരെയുള്ള വനപാത വെട്ടിവെടിപ്പാക്കിയശേഷമാണ് വഴിക്കൊടുവില്‍ കാട്ടുകമ്പുകള്‍ കൂട്ടിക്കെട്ടി വെള്ളച്ചാട്ടം മറച്ചുകളഞ്ഞത്. വഴി കെട്ടിയടച്ചത് വെള്ളച്ചാട്ടം കാണാനെത്തുന്നവരെ നിരാശരാക്കും. വഴി വൃത്തിയാക്കാനും അപകടസൂചനാബോര്‍ഡുകള്‍ സ്ഥാപിക്കാനും മാത്രമാണ് നിര്‍ദേശം നല്‍കിയിട്ടുള്ളതെന്ന് ഡി.എഫ്.ഒ. പറയുന്നു.

