സ്കൂള്‍ നല്ലപാഠം സ്റ്റുഡന്റ്സ് കോ-ഓര്‍ഡിനേറ്റര്‍ എസ്. നന്ദഗോപാലിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. സ്കൂള്‍ അങ്കണത്തില്‍ ഇന്നലെ നടന്ന പരിപാടി പങ്കാളിത്തംകൊണ്ടു ശ്രദ്ധിക്കപ്പെട്ടു. പ്രായവും പ്രായാധിക്യം മൂലമുണ്ടാകുന്ന രോഗങ്ങള്‍ മറന്നു ഗ്രാന്‍ഡ് പേരന്റ്സ് ഡേയ്ക്കെത്തിയ മുത്തച്ഛന്മാരും മുത്തശ്ശിമാരും കുട്ടികളോടൊപ്പം അടിച്ചുപൊളിച്ചു. തങ്ങളുടെ അനുഭവങ്ങളില്‍ ആഘോഷിച്ച ക്രിസ്മസ് ദിനങ്ങള്‍ ഓര്‍ത്തെടുത്തു. ഓര്‍മകള്‍ പങ്കുവച്ചു. ചിലര്‍ കെട്ടുകഥകള്‍ പറഞ്ഞു. അതില്‍ ചിലതു ക്രിസ്മസ് കഥകളായിരുന്നു.
ചിലരുടെ അനുഭവങ്ങള്‍ക്കു നൊമ്പരത്തിന്റെയും കണ്ണീരിന്റെയും ഉപ്പുരസമുണ്ടായിരുന്നതും കുട്ടിക്കാലത്തു റെഡി മെയ്ഡ് നക്ഷത്രങ്ങള്‍ക്കു വേണ്ടി വാശിപിടിച്ചതും പാഴ്വസ്തുക്കളില്‍ നിന്നു പുല്‍ക്കൂടൊരുക്കിയതും ക്രിസ്മസ് കേക്ക് മോഷ്ടിച്ചതും ക്രിസ്മസ് ദിനത്തില്‍ കുരുത്തക്കേടുകളൊപ്പിച്ചതുമൊക്കെയായി കുട്ടിക്കാലത്തെ അനുഭവകഥകള്‍.
കുട്ടികളില്‍ അതൊക്കെ കൌതുകം പടര്‍ത്തി. പലര്‍ക്കും തങ്ങളുടെ കുട്ടിക്കാലത്തിലേക്കുള്ള തിരിച്ചുപോക്കായി പരിപാടി. സ്കൂളിലെ അഞ്ഞൂറോളം
വരുന്ന കുട്ടികളുടെ ഗ്രാന്‍ഡ് പേരന്റ്സാണു പരിപാടിയില്‍ പങ്കെടുത്തത്. രക്ഷിതാക്കളും സന്നിഹിതരായിരുന്നു. മുത്തച്ഛന്മാരായ കുഞ്ഞുകൃഷ്ണപിള്ള, പത്മനാഭപിള്ള, മുത്തശ്ശിയായ ശാരദ എന്നിവരെ പരിപാടിയുടെ ഭാഗമായി ആദരിച്ചു.
ഗ്രാന്‍ഡ് പേരന്റ്സ് ഡേ റിട്ട. എഇഒയും മുത്തച്ഛനുമായ പി.എന്‍. ചന്ദ്രഭാനു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബിജുകുമാര്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ എസ്. രാജേശ്വരി അമ്മ, അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ബി.കെ. സോമശേഖരന്‍ നായര്‍, നല്ല പാഠം കോ-ഓര്‍ഡിനേറ്റര്‍മാരായ ബിന്ദു സന്തോഷ്, ജലജ ആര്‍. നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

