
കല്ലറ: അങ്കണവാടികളില്‍ ആറു മാസം മുതല്‍ മൂന്നു വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നല്‍കുന്ന പോഷകാഹാരമായ 'അമൃതംപൊടി'യില്‍ ചത്ത പല്ലികളെ കണ്ടെത്തി. പാങ്ങോട് ഗ്രാമപ്പഞ്ചായത്തിലെ മാറനാട് വാര്‍ഡിലെ അയിരൂര്‍ അങ്കണവാടിയില്‍നിന്ന് അയിരൂര്‍ സ്‌നേഹാലയത്തില്‍ ദിവാകരന്‍, സുലഭ ദമ്പതിമാരുടെ മകന്‍ അര്‍ജുനന് (3) നല്‍കിയ പൊടിയിലാണ് ചത്ത പല്ലികളുടെ അവശിഷ്ടം കണ്ടെത്തിയത്.
നവംബര്‍ മാസം അവസാനമാണ് അങ്കണവാടിയില്‍നിന്ന് നാലുകവര്‍ അമൃതംപൊടി അര്‍ജുനന് ലഭിച്ചത്. ബാക്കി മൂന്നു കവറുകള്‍ക്കുള്ളിലും പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നു.
ശനിയാഴ്ച പല്ലികളെ കണ്ടെത്തിയ കവറിലെ പകുതി പൊടി കുട്ടിക്ക് പാചകംചെയ്തു നല്‍കിയിരുന്നു. ഞായറാഴ്ച രാവിലെ ബാക്കി പൊടി പാകംചെയ്യാനായി എടുത്തപ്പോഴാണ് കവറിനുള്ളില്‍ ചത്ത രണ്ട് പല്ലികളുടെ തലയോട്ടിയും അവശിഷ്ടവും കണ്ടത്. കാട്ടാക്കടയിലുള്ള കൈരളി ന്യൂട്രിമിക്‌സ് യൂണിറ്റാണ് പൊടി തയ്യാറാക്കിയത്. നവംബര്‍ മാസം ഇരുപത്തിയൊന്നാം തീയതിയാണ് കവര്‍ പായ്ക്ക്‌ചെയ്തിരിക്കുന്നത്. ന്യൂട്രിമിക്‌സ് യൂണിറ്റില്‍നിന്ന് പായ്ക്ക്‌ചെയ്തുവരുന്ന അമൃതംപൊടിയില്‍ ചത്ത പല്ലികളെ കണ്ടെത്തിയ സംഭവം വകുപ്പിലെ ഉന്നതാധികാരികള്‍ക്ക് റിപ്പോര്‍ട്ട്‌ചെയ്തിട്ടുണ്ടെന്നും നാളെ അയിരൂര്‍ അങ്കണവാടിയില്‍ പരിശോധന നടത്തുമെന്നും ചൈല്‍ഡ് ഡെവലപ്‌മെന്റ് പ്രോജക്ട് ഓഫീസര്‍ വിജയലക്ഷ്മി പറഞ്ഞു.

