വിതുര: 'അഗസ്ത്യാര്‍കൂടത്തേക്ക് വന്നയാള്‍ അരുവിയില്‍ വീണു, പെട്ടെന്ന് ബോണക്കാട്ടേക്ക് വരണം' - ശനിയാഴ്ച വൈകിട്ട് 108 ആംബുലന്‍സിന് വന്ന ഫോണ്‍കോള്‍ ഇതായിരുന്നു. വിതുര-സാമൂഹികാരോഗ്യകേന്ദ്രത്തിലെ 108 വാഹനം 20 കിലോമീറ്റര്‍ ഹൈറേഞ്ച് താണ്ടി ബോണക്കാട്ട് എത്തുകയും ചെയ്തു. ഫോണില്‍ കേട്ട സംഭവത്തെപ്പറ്റി ബോണക്കാട്ടുകാര്‍ക്ക് ഒരറിവും ഇല്ലായിരുന്നു. വിളിവന്ന നമ്പരിലേക്ക് തിരിച്ചുവിളിച്ചപ്പോള്‍ പരിധിക്ക് പുറത്തും. കുറച്ചുനേരം അന്വേഷണം നടത്തിയശേഷം വാഹനം മടങ്ങി. പേപ്പാറ വനംറെയ്ഞ്ചിലെ കാണിത്തടം ചെക്ക്‌പോസ്റ്റ് അധികൃതരും 'അരുവിയില്‍ വീണ' സംഭവത്തെപ്പറ്റി തിരക്കി. സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. ഫോണ്‍നമ്പരിനെപ്പറ്റി അന്വേഷണം നടക്കുന്നുണ്ട്. പറ്റിക്കാന്‍ വേണ്ടി വിളിച്ചതാണെന്ന് തെളിഞ്ഞാല്‍ കേസാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

