പാലോട്: അക്കേഷ്യാ മരങ്ങള്‍ നട്ടുപിടിപ്പിക്കാനായി കോടികള്‍ വിലവരുന്ന സ്വാഭാവികമരങ്ങള്‍ മുറിച്ചുകടത്തുന്ന വനംവകുപ്പിന്റെ നടപടിയിന്മേല്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി. തിരുവനന്തപുരം ഡിവിഷനില്‍ ഉള്‍പ്പെട്ട കുളത്തൂപ്പുഴ, ചോഴിയക്കോട് നാങ്കച്ചിവന മേഖലയില്‍ നിന്നുമാണ് നൂറ്റാണ്ട് പഴക്കമാര്‍ന്ന ആയിരത്തിലധികം മരങ്ങള്‍ മുറിച്ചത്. സംഭവത്തെപ്പറ്റി 'മാതൃഭൂമി' വാര്‍ത്ത പ്രസിദ്ധീകരിച്ചതിനുപിന്നാലെ വനംവകുപ്പ് വിജിലന്‍സിന്റെ ഉന്നത ഉദ്യോഗസ്ഥരും ഫൈ്‌ളയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ.യും സംഘവും സ്ഥലത്തെത്തി പരിശോധനകള്‍നടത്തി.
പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (വിജിലന്‍സ്) ഓഫീസര്‍ എസ്.സി. ജോഷി, അഡീഷണല്‍ കണ്‍സര്‍വേറ്റര്‍ യാലക്കി, വിജിലന്‍സ് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ വിജയന്‍, ഫൈ്‌ളയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ. ഉണ്ണികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇരുപതില്‍പ്പരം ഉദ്യോഗസ്ഥരാണ് ശനിയാഴ്ച രാവിലെ 11ന് പരിശോധനകള്‍ക്കെത്തിയത്. നാങ്കച്ചിയിലെ ചെക്ക്‌പോസ്റ്റ് മുതല്‍ അന്വേഷണസംഘം പരിശോധന നടത്തി.
വന്‍വൃക്ഷങ്ങള്‍ക്ക് ലേലത്തുക തീരെ കുറച്ചാണ് നല്‍കിയിരിക്കുന്നതെന്ന് ആരോപണമുണ്ട്. നാങ്കച്ചിയില്‍ നിന്നും കാട്ടുമരങ്ങള്‍ മുറിച്ച് ലോറിയില്‍ കയറ്റി കൂട്ടിയിരിക്കുന്ന കൊച്ചുകലുങ്കിലും സംഘം പരിശോധനയ്‌ക്കെത്തി. 72 ലക്ഷം രൂപയ്ക്കാണ് ഇവിടെ തടിലേലം നടന്നത്. എന്നാല്‍ ഇതിന്റെ അഞ്ചിരട്ടി വില ലഭിക്കേണ്ടതായിരുന്നു ഈ മരങ്ങളത്രയും.
ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയെങ്കിലും മരംമുറി തടഞ്ഞിട്ടില്ല. പിഴത്തുക കണക്കാക്കി അത് സര്‍ക്കാരിലടപ്പിച്ച് കേസ് ഒതുക്കാനുള്ള ശ്രമങ്ങളും ഒരുഭാഗത്ത് നടക്കുന്നതായി വനസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പറയുന്നു.
എന്നാല്‍ നാങ്കച്ചിയിലെ കോടികളുടെ കാട്ടുമരങ്ങള്‍ മുറിച്ചതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ഉന്നതവൃത്തങ്ങള്‍ തന്നെ പറയുന്നു.
നാങ്കച്ചിയിലേത് സ്വാഭാവിക വനമായിരുന്നോ എന്നും ആയിരുന്നെങ്കില്‍ അത് ലേലം ചെയ്തത് എന്തിനായിരുന്നു എന്ന് പരിശോധിക്കുമെന്നും എവിടെയെങ്കിലും ക്രമക്കേട് നടന്നതായി വിജിലന്‍സിന്റെ അന്വേഷണത്തില്‍ തെളിഞ്ഞാല്‍ മുഖംനോക്കാതെ നടപടി സ്വീകരിക്കുമെന്നും വനംവകുപ്പുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

