WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Sunday, January 5, 2014

ഉള്‍ക്കാടുകള്‍ വെട്ടിത്തെളിക്കുന്നു; ആനപ്പേടിയില്‍ ശാസ്താംനട ഗ്രാമം

പാലോട്: സന്ധ്യ കഴിഞ്ഞാല്‍ ശാസ്താംനട കോളനിക്കാരുടെ ചങ്കിടിപ്പ് കൂടും. പുലരുമ്പോള്‍ ജീവന്‍ ബാക്കിയുണ്ടാകുമോ എന്ന ഭയമാണ് ഓരോ രാത്രിയിലും ഇവരെ വേട്ടയാടുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷമായി ശാസ്താംനട കോളനിക്കാരുടെ പേടിസ്വപ്നമാണ് കാട്ടാനകള്‍. വനവത്കരണം എന്ന ഓമനപ്പേരിട്ട് വന്‍തോതില്‍ സ്വാഭാവികവനങ്ങള്‍ വെട്ടിത്തെളിക്കുന്നതാണ് കാട്ടാനകളുടെയും മറ്റ് വന്യമൃഗങ്ങളുടെയും ശല്യം വര്‍ധിക്കാന്‍ കാരണമെന്ന് കോളനിവാസികള്‍ പറയുന്നു.

പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്തിലെ വിദൂരഗ്രാമമാണ് ശാസ്താംനട കോളനി. സ്വാഭാവിക വനത്തോട് ചേര്‍ന്നുകിടക്കുന്ന അഞ്ച് കോളനികള്‍ ചേരുന്നതാണ് ശാസ്താംനട ഗ്രാമം. കൊമ്പിരാന്‍കാല, കന്നിമാര്‍ ചതുപ്പ്, പിള്ളൈക്കോട്, പോട്ടോമാവ്, ശാസ്താംനട എന്നിവയാണ് അഞ്ച് ഗ്രാമങ്ങള്‍. ഇതില്‍ പിള്ളൈക്കോടും കന്നിമാര്‍ ചതുപ്പും ശാസ്താംനടയുമാണ് കാട്ടാനപ്പേടിയില്‍ ദിനരാത്രങ്ങള്‍ തള്ളിനീക്കുന്നത്. രാത്രി പത്തുമണി കഴിയുന്നതോടെ കാട്ടാനകള്‍ വീടിന്റെ സമീപത്തെത്തി കാര്‍ഷികവിളകളും വീടിനു പുറത്തുകിടക്കുന്ന സാധനങ്ങളും നശിപ്പിക്കാറുണ്ടെന്ന് പൊടിച്ചിയും തുളസീധരനും പങ്കജാക്ഷിയും പറയുന്നു.

സ്‌കൂളിലും നഴ്‌സറിയിലും പോകുന്ന കുട്ടികളെപ്പറ്റിയുള്ള ആശങ്കകളാണ് ഏറ്റവും വലുതെന്ന് സാവിത്രിയും ഗൗരിയും പറയുന്നു. ചിന്നംവിളിച്ചെത്തുന്ന ആനക്കൂട്ടത്തെ തുരത്താന്‍ മിക്കപ്പോഴും ചെറിയ പടക്കങ്ങളാണ് ഇവര്‍ ഉപയോഗിക്കുന്നത്.

ശാസ്താംനട അമ്പലത്തിനുസമീപത്തെ നീര്‍ച്ചാലിനുസമീപംവെച്ച് അനില്‍ എന്ന യുവാവിനെ ആന കുത്തിക്കൊന്നതിന്റെ പേടിയില്‍ നിന്ന് ഈ ഗ്രാമം ഇതുവരെ മുക്തമായിട്ടില്ല. ഇതിനുതൊട്ടുപിന്നാലെയായിരുന്നു വിറകൊടിക്കാന്‍ പോയ ലളിതയുടെ ഇടതുകൈ കരടി കടിച്ചെടുത്തത്. ആന, മ്ലാവ്, കാട്ടുപോത്ത്, കരടി, പന്നി എന്നീ കാട്ടുമൃഗങ്ങളുടെ ശല്യം ഇവിടെ വര്‍ധിക്കുകയാണ്. വൈദ്യുതി എത്താത്തതിനാല്‍ രാത്രിയില്‍ വീടിനു പുറത്ത് ലൈറ്റിടാനും സാധിക്കുന്നില്ല. കിടങ്ങുകള്‍ തീര്‍ത്ത് ആനകളില്‍ നിന്ന് തങ്ങളെ രക്ഷിക്കണം എന്നതാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. എന്നാല്‍ അധികൃതര്‍ ഇതിന് വില കല്പിക്കുന്നില്ല. എന്നുമാത്രമല്ല, ശാസ്താംനടയോടുചേര്‍ന്നുകിടക്കുന്ന നാങ്കച്ചി വനനിരകളില്‍ നിന്ന് കോടികളുടെ കാട്ടുമരങ്ങളാണ് വനംവകുപ്പ് മുറിച്ചുമാറ്റുന്നത്. സ്വാഭാവികവനങ്ങള്‍ മുറിച്ചുമാറ്റി പകരം വയ്ക്കുന്നതാകട്ടെ അക്കേഷ്യ മരങ്ങളും. ആഴ്ചകളായി തുടരുന്ന വനംകൊള്ളയില്‍ അഞ്ച് ഗ്രാമങ്ങളിലെ 2000 ലധികം വരുന്ന കുടുംബങ്ങള്‍ കനത്ത ഭീതിയിലാണ്.