കല്ലറ: കല്ലറ- പാങ്ങോട് സ്വാതന്ത്ര്യസമരത്തിന് സ്മാരകവുമായി വിദ്യാലയം. പാലോട് ഉപജില്ലയിലെ പാങ്ങോട് കെ.വി.യു.പി.എസാണ് അധികൃതര്‍ വിസ്മരിച്ച കല്ലറ- പാങ്ങോട് സ്വാതന്ത്ര്യസമരത്തിന്റെ സ്മാരകമായി അത്യാധുനിക സൗകര്യങ്ങളുള്ള വായനശാലയും പാര്‍ക്കും നിര്‍മ്മിക്കുന്നത്.
മഹാത്മാഗാന്ധിയുടെ നിസ്സഹകരണ സമരത്തിന്റെ ഭാഗമായി കര്‍ഷകര്‍ തങ്ങള്‍ കൊണ്ടുവരുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് നികുതി നല്‍കാതെയായതോടെയാണ് സമരത്തിനു തുടക്കമായത്. ഇതിന്റെ ഭാഗമായി കൊച്ചപ്പിപ്പിള്ള, പട്ടാളം കൃഷ്ണന്‍ എന്നീ ദേശസ്‌നേഹികളെ തൂക്കിക്കൊന്നിട്ടുണ്ട്. കുതിരപ്പട്ടാളത്തിന്റെ ആക്രമണത്തില്‍ നിരവധിപേര്‍ നാടുവിട്ടുപോയി. ഒരുപക്ഷേ ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ആദ്യസമരമാണിതെങ്കിലും ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ ഈ സമരത്തിന്റെ ആകെയുള്ള സ്മാരകങ്ങള്‍ കല്ലറ ജങ്ഷനിലെ രക്തസാക്ഷി മണ്ഡപവും പാങ്ങോടിലെ പൊളിഞ്ഞുവീഴാറായ പഴയ പോലീസ് സ്റ്റേഷനുമാണ്.
ചരിത്രപ്രാധാന്യമുള്ള ഈ സംഭവങ്ങളുടെ ലഭ്യമായ എല്ലാവിവരങ്ങളും രേഖകളും കെ.വി.യു.പി.എസ്. പുതുതായി നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന ഈ സ്മാരകത്തില്‍ ഉണ്ടാകും. നാടിന്റെ സമരചരിത്രം പുതുതലമുറയ്ക്ക് മനസ്സിലാക്കാനും പഠിക്കാനും ഇത് സഹായകമാകുമെന്ന് സ്‌കൂള്‍ പ്രഥമാധ്യാപകന്‍ അന്‍സാരി അറിയിച്ചു.
ഏപ്രില്‍ രണ്ടുമുതല്‍ എട്ടുവരെ ഈ വിദ്യാലയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന കല്ലറ- പാങ്ങോട് മേളയില്‍ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന ഏപ്രില്‍ രണ്ടിന് ഈ സ്മാരകം നാടിനു കൈമാറുമെന്ന് പി.ടി.എ. പ്രസിഡന്റ് സൈഫുദ്ദീന്‍ അറിയിച്ചു.

