പാലോട്: മദ്യപിച്ച് ലക്കുകെട്ട് നടക്കാന്‍ വയ്യാതായ പാപ്പാന്‍ ആനയെ റോഡരികില്‍ ഒതുക്കിനിര്‍ത്തിയശേഷം വിശ്രമിക്കാനിരുന്നത് നൂറടിയിലേറെ താഴ്ചയുള്ള പുരയിടത്തിന്റെ വശത്ത്. മിനിട്ടുകള്‍ക്കകം മദ്യലഹരിയില്‍ നിലതെറ്റി പാപ്പാന്‍ താഴ്ചയിലെ തോട്ടിലേക്ക് മറിഞ്ഞു. കണ്ടുനിന്ന ആന കല്ലുകെട്ട് പൊളിച്ചും തിട്ട പിടിച്ചും വഴിയുണ്ടാക്കി പാപ്പാന്റെ അടുത്തെത്തി. തിരുവനന്തപുരം-തെങ്കാശി റോഡില്‍ നന്ദിയോടിനും കൊച്ചുതാന്നിമൂടിനും ഇടയില്‍ തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. അനില്‍ എന്ന ആനയും രണ്ടാം പാപ്പാന്‍ നെയ്യാറ്റിന്‍കര സ്വദേശി മഹേഷുമാണ് നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും കൗതുകക്കാഴ്ചയായത്. മടത്തറയിലെ പണികഴിഞ്ഞ് മടങ്ങുകയായിരുന്നു ആനയും പാപ്പാനും. വഴിയിലുടനീളം മദ്യലഹരിയില്‍ ആടിയുലഞ്ഞായിരുന്നു പാപ്പാന്റെ നടത്തം. ഒടുവില്‍ തീരെ നിവൃത്തിയില്ലാതായതോടെയാണ് ഇയാള്‍ വിശ്രമിക്കാനൊരുങ്ങിയത്. തോട്ടിലേക്കുവീണ മഹേഷ് അവിടെ നിന്ന് തപ്പിത്തടഞ്ഞ് നിരന്ന സ്ഥലത്തേക്ക് കയറി. പാപ്പാന് അപകടം പിണഞ്ഞത് മനസ്സിലാക്കിയ ആന ദുര്‍ഘടമായ കുത്തിറക്കം കടന്നാണ് മഹേഷിന്റെ അടുത്തെത്തിയത്. പരിക്കേറ്റ മഹേഷിന്റെ അടുത്തേക്ക് ആന ആരെയും അടുപ്പിച്ചില്ല. നാട്ടുകാരും പോലീസും വിളിച്ചിട്ടും മുകളിലേക്ക് കയറിവരാന്‍ മഹേഷും തയാറായില്ല. വിശപ്പിന്റെ കാഠിന്യത്തില്‍ ആന സമീപത്തുനിന്ന ഒരു ആഞ്ഞിലിമരം മറിച്ചിട്ട് ഭക്ഷണമാക്കി. വിവരമറിഞ്ഞ് രാത്രിയോടെ ഒന്നാം പാപ്പാന്‍ സന്ദീപ് സ്ഥലത്തെത്തി.


