WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Wednesday, January 1, 2014

സ്വാഭാവിക വനങ്ങളിലെ മരങ്ങള്‍ അക്കേഷ്യ നടാനായി മുറിച്ചുമാറ്റുന്നു

പാലോട്: പരിസ്ഥിതി സംരക്ഷണ മേഖലയില്‍ നിന്ന് ഏക്കറുകണക്കിന് സ്വാഭാവിക വനങ്ങള്‍ മുറിച്ചുമാറ്റുന്നു. അക്കേഷ്യ പ്ലാന്റ് ചെയ്യുന്നതിനായി വനംവകുപ്പു തന്നെയാണ് കോടികള്‍ വിലവരുന്ന മരങ്ങളുടെ കടയ്ക്കല്‍ കത്തിവെയ്ക്കുന്നത്. കുളത്തൂപ്പുഴ റേഞ്ചില്‍ ഉള്‍പ്പെടുന്ന മൈലമൂട് സെക്ഷനിലെ നാങ്കാച്ചി വനമേഖലയാണ് ആസൂത്രിത നീക്കങ്ങളുടെ മറവില്‍ മുറിച്ചുകടത്തുന്നത്. സഹ്യപര്‍വതത്തിന്റെ പരിസ്ഥിതി സംരക്ഷണ വനമേഖലയാണ് ഈ സ്ഥലം. പുറത്തുനിന്നുള്ളവര്‍ അകത്തേക്ക് കടക്കാതിരിക്കാനായി രണ്ട് ചെക്ക്‌പോസ്റ്റുകളിട്ട് പഴുതുകളടച്ചാണ് വനംകൊള്ള നടക്കുന്നത്.

നാങ്കച്ചി സെക്ഷനില്‍ 1990 ലും 2002 ലും അക്കേഷ്യ നട്ടുപിടിപ്പിച്ചിരുന്നു. എന്നാല്‍ മൈലമൂട് വനമേഖലയിലെ മൂന്ന് ബ്ലോക്കുകളില്‍ മാത്രമാണ് അന്ന് അക്കേഷ്യ നട്ടത്. ഈ രണ്ടുതവണയും കനത്ത നഷ്ടത്തിലാണ് പ്ലാന്‍േറഷന്‍ പണി അവസാനിച്ചത്. ലക്ഷങ്ങളുടെ നഷ്ടം മുന്നിലുള്ളപ്പോഴാണ് പ്രകൃതിജന്യമായ വനനിരകള്‍ നശിപ്പിച്ച് അക്കേഷ്യാമരങ്ങള്‍ക്കായി അരങ്ങൊരുക്കുന്നത്. പ്ലാന്‍േറഷനുകള്‍ക്കുവേണ്ടി സ്വാഭാവിക മരങ്ങള്‍ മുറിച്ചുമാറ്റരുത് എന്ന നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് ഇവിടെ മരംകൊള്ള നടക്കുന്നത്.

72 ലക്ഷം രൂപയ്ക്ക് വേങ്കൊല്ല സ്വദേശി ഷറഫ് ആണ് മരങ്ങള്‍ ലേലത്തില്‍ പിടിച്ചത്. 3000ല്‍ താഴെ മാത്രം മരങ്ങളാണ് ഇവിടെ ഉള്ളതെന്ന് കുളത്തൂപ്പുഴ റേഞ്ച് ഓഫീസര്‍ അശോകന്‍ പറയുന്നു. എന്നാല്‍ 1968നുശേഷമുള്ള മരുത്, കമ്പകം, ആഞ്ഞില്‍ തുടങ്ങി 5000ല്‍പ്പരം വന്‍വൃക്ഷങ്ങള്‍ ഈ വനമേഖലയിലുണ്ട്.

കോടികള്‍ സര്‍ക്കാരിന് ലഭിക്കേണ്ടിയിരുന്ന ലേലം നിസാരതുകയ്ക്ക് ഒതുക്കിത്തീര്‍ത്തതില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പങ്കുണ്ടെന്ന് ആക്ഷേപമുണ്ട്. കൂറ്റന്‍ മരങ്ങളാണ് ഇവിടെ നിന്ന് മുറിച്ച് വേങ്കൊല്ലയ്ക്ക് സമീപമുള്ള കൊച്ചുകലുങ്ങില്‍ എത്തിച്ചിരിക്കുന്നത്. ഓരോന്നിനും ലക്ഷങ്ങള്‍ വിലവരും. അറുപത് ഹെക്ടര്‍ സ്ഥലത്തുനിന്നാണ് മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ വ്യക്തമായ അതിര്‍ത്തികളില്ലാത്തതിനാല്‍ വ്യാപകമായ വനംകൊള്ളയാണ് ഇവിടെ നടക്കുന്നത്.

സിംഹവാലന്‍ കുരങ്ങുകള്‍ ഉള്‍പ്പെടെ കരടി, പുലി, കാട്ടുപോത്ത്, മാന്‍, മ്ലാവുകള്‍, കേഴ, ആന, പന്നി തുടങ്ങി വന്യമൃഗങ്ങളുടെ വലിയ ആവാസഭൂമിയാണ് നാങ്കച്ചി വനമേഖല. ഇവിടെനിന്ന് കാട് അപ്രത്യക്ഷമാകുന്നതോടെ ഈ മൃഗങ്ങളെല്ലാം നാട്ടിലേക്കിറങ്ങും. ഇത് അപകടകരമായ സ്ഥിതിക്ക് കാരണമായേക്കും. ആയിരക്കണക്കിന് ചെറുപ്രാണികളുടെയും അത്യപൂര്‍വമായ പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും താവളം കൂടിയാണ് നാങ്കച്ചി വനമേഖല. ഈ കാട് അപ്രത്യക്ഷമാകുന്നതോടെ ഒരു വലിയ ആവാസവ്യവസ്ഥ കൂടിയാണ് അന്യംനില്‍ക്കുന്നത്.

ഉദ്യോഗസ്ഥതലത്തില്‍ നടന്ന ലക്ഷങ്ങളുടെ വെട്ടിപ്പാണ് നാങ്കച്ചിവനംകൊള്ളയ്ക്ക് പിന്നിലുള്ളതെന്ന് സുഗതകുമാരി ഉള്‍പ്പെടെയുള്ള പരിസ്ഥിതിസ്‌നേഹികള്‍ ചൂണ്ടിക്കാട്ടുന്നു. വനനശീകരണത്തെ തുടര്‍ന്ന് വേങ്കൊല്ല, ചോഴിയക്കോട്, കൊച്ചുകലുങ്ക്, കലയപുരം തുടങ്ങി ആദിവാസി സെറ്റില്‍മെന്റുകളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ വലിയ ആശങ്കയിലാണ്.