പാലോട്: ലക്ഷങ്ങള്‍ ചെലവിട്ട് രണ്ടുവര്‍ഷം പണി നടത്തിയിട്ടും ചിപ്പന്‍ചിറ-മൈലമൂട് റോഡ് യാഥാര്‍ഥ്യമായില്ല. മൈലമൂട്ടുനിന്ന് വളരെ എളുപ്പത്തില്‍ ടി.എസ് റോഡില്‍ എത്താനുള്ള നിര്‍ദ്ദേശത്തോടെയാണ് റോഡിന്റെ പണി ആരംഭിച്ചത്. പ്രധാനമന്ത്രിയുടെ ഗ്രാമീണ സഡക് യോജന പദ്ധതി പ്രകാരമാണ് റോഡിന് പണം വകയിരുത്തിയത്.
റോഡിന് പാര്‍ശ്വഭിത്തി കെട്ടാനായി മൂന്നുകുടുംബങ്ങളെ ചിപ്പന്‍ചിറയില്‍ നിന്ന് ഒഴിപ്പിച്ചു. ഇവര്‍ക്കുപകരം ഭൂമി നല്‍കിയതുമില്ല. ഒന്നരകിലോമീറ്റര്‍ നീളത്തില്‍ പാര്‍ശ്വഭിത്തി കെട്ടിത്തിരിച്ചു. നിരവധി പേരുടെ റബര്‍ മരങ്ങളും മുറിച്ചുമാറ്റിയാണ് റോഡിന് മെറ്റല്‍ പാകിയത്. ഇതിനിടെ അഞ്ചാനക്കുഴിക്കര മുതല്‍ മൈലമൂട് വരെ രണ്ടര കിലോമീറ്റര്‍ നിലവിലുണ്ടായിരുന്ന ടാര്‍ തോണ്ടിയിളക്കി കളയുകയും ചെയ്തു. ഇതോടെ ഇതുവഴിയുള്ള യാത്ര ഏറെ ദുഷ്‌കരമായി.
മൂന്നാറ്റുമുക്ക്, അഞ്ചാനക്കുഴിക്കര, വാഴോട്ടേല, മൈലമൂട് എന്നീ ഗ്രാമങ്ങളിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ ഏക ആശ്രയമാണ് മൈലമൂട്-ചിപ്പന്‍ചിറ റോഡ്. മൈലമൂട് പാലം, ചിപ്പന്‍ചിറ ഇരുമ്പുപാലം എന്നിവയ്ക്ക് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ സമാന്തരമായി ഉപയോഗിക്കാവുന്ന റോഡ് എന്ന ആശയമാണ് ഇഴഞ്ഞുനീങ്ങുന്നത്. നൂറുകണക്കിന് ആദിവാസി കുടുംബങ്ങള്‍ക്ക് പ്രധാന റോഡുകളുമായി ബന്ധപ്പെടാനുള്ള മാര്‍ഗമാണ് ലക്ഷ്യം കാണാതെ പോയത്.


