വിതുര: ക്രിസ്മസ് പുതുവര്‍ഷ സീസണില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് ഭേദിച്ച പൊന്മുടിയില്‍ വനംവകുപ്പ് ബുധനാഴ്ച 'നീലപ്പട'യെ രംഗത്തിറക്കി. പൊന്മുടി ഇക്കോടൂറിസം കേന്ദ്രത്തിന്റെ കാവല്‍ക്കാരായ വനസംരക്ഷണ സമിതി അംഗങ്ങളാണ് പുതുവര്‍ഷദിനത്തില്‍ പുതിയ നീലയൂണിഫോമില്‍ ഡ്യൂട്ടിക്കിറങ്ങിയത്. ഷൂസ് ഉള്‍പ്പെടെ ഒരാള്‍ക്കുള്ള യൂണിഫോമിന് ശരാശരി രണ്ടായിരം രൂപയോളം വനംവകുപ്പ് മുടക്കി. ഡിസംബര്‍ 21 മുതല്‍ 31 വരെയുള്ള ദിസവങ്ങളില്‍ സഞ്ചാരികളില്‍ നിന്നുള്ള പ്രവേശനഫീസ് ഇനത്തില്‍ അഞ്ചേകാല്‍ ലക്ഷത്തോളം രൂപയാണ് വനംവകുപ്പിന് ലഭിച്ചത്. ഡി.എഫ്.ഒ. ടി. ഉമ, പാലോട് വനം റേഞ്ച് ഓഫീസര്‍ എസ്. അബ്ദുള്‍ ജലീല്‍, പൊന്മുടി വി.എസ്.എസ്. സെക്രട്ടറി എം. ഷാജഹാന്‍ എന്നിവരാണ് യൂണിഫോം പരിഷ്‌കരണത്തിന് ചുക്കാന്‍പിടിച്ചത്. അമ്പതില്‍പ്പരം പുരുഷന്മാര്‍ ബുധനാഴ്ച പുതിയ വേഷത്തില്‍ ജോലിക്കിറങ്ങി. സ്ത്രീകളുടെ യൂണിഫോം പണിപ്പുരയിലാണെന്ന് അധികൃതര്‍ അറിയിച്ചു..

