പാലോട്: 51-ാമത് പാലോട് കാര്‍ഷികമേള ഏഴിന് തുടങ്ങി 16ന് സമാപിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 7ന് രാവിലെ 9ന് ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് വി.കെ.മധു മേളയ്ക്ക് തിരിതെളിക്കും. വൈകീട്ട് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ എം.എല്‍.എ അധ്യക്ഷനാകും. വിനോദസഞ്ചാര വാരാഘോഷം റവന്യൂമന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്യും. മുന്‍മന്ത്രിമാരായ ഡോ. തോമസ് ഐസക് സുവനീര്‍ പ്രകാശനവും മുല്ലക്കര രത്‌നാകരന്‍ അവാര്‍ഡ് വിതരണവും നിര്‍വഹിക്കും. പാലോട് രവി എം.എല്‍.എ. കാര്‍ഷികമേള ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക കലാമേളയുടെ ഉദ്ഘാടനം മുന്‍മന്ത്രി വി. സുരേന്ദ്രന്‍ പിള്ള നിര്‍വഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അന്‍സജിതാ റസ്സല്‍ ഉപഹാര സമര്‍പ്പണം നടത്തും.
വൈവിധ്യമാര്‍ന്ന പരിപാടികളാണ് പത്തുദിനങ്ങളിലായി മേളയില്‍ സംഘടിപ്പിച്ചിട്ടുള്ളത്. പുഞ്ചിരി മത്സരം, പാചക മത്സരം, കുടവയര്‍ മത്സരം, കഷണ്ടി മത്സരം, നരമത്സരം എന്നീ രസകരമായ ഇനങ്ങളും ഇക്കുറി മേളയിലെ മത്സരവിഭാഗങ്ങളില്‍ ഇടംനേടിയിട്ടുണ്ട്. വിവിധ ദിവസങ്ങളിലായി മെഡിക്കല്‍ ക്യാമ്പുകള്‍, ദന്തപരിശോധന ക്യാമ്പ്, സെമിനാറുകള്‍, ചര്‍ച്ചാ ക്ലാസ്സുകള്‍, ഡോക്യുമെന്ററികള്‍, ഗാനമേള, നാടകം, നൃത്തോത്സവം എന്നിവ നടക്കും.
കാര്‍ഷിക സെമിനാറില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ക്ക് സൗജന്യമായി പച്ചക്കറി വിത്തും വാഴത്തൈയും വിതരണം ചെയ്യും. റബര്‍ കര്‍ഷക സെമിനാറില്‍ പങ്കെടുക്കുന്ന ടാപ്പിങ് തൊഴിലാളികള്‍ക്ക് മേളാകമ്മിറ്റിയും റബര്‍ ബോര്‍ഡും ചേര്‍ന്ന് സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും. നല്ലയിനം മുട്ടക്കോഴികളും മേളയില്‍ വില്പനയ്ക്ക് എത്തും. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി സ്റ്റാളുകള്‍ സജ്ജീകരിച്ചിട്ടുള്ളത് പാലോട് പഞ്ചായത്ത് സ്റ്റേഡിയത്തിലാണ്. പെരിങ്ങമ്മല റോഡിലേക്ക് തിരിയുന്ന ഭാഗത്താണ് മേളയുടെ പ്രവേശന കവാടം. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യസ്ഥാപനങ്ങളുടേതായി 150ലധികം സ്റ്റാളുകള്‍ മേളയിലുണ്ടാകും. അമ്യൂസ്‌മെന്റ് പാര്‍ക്ക്, കാര്‍ണിവെല്‍, അക്വ ഷോ, തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ മെഡിക്കല്‍ എക്‌സിബിഷന്‍ എന്നിവയും മേളയില്‍ ഉണ്ടാകും. തിരുവനന്തപുരം ജില്ലാ ഓപ്പണ്‍ ശരീരസൗന്ദര്യമത്സരവുമുണ്ടാകും. നാടകോത്സവം സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 16ന് നടക്കുന്ന സമാപനസമ്മേളനം പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. എ. സമ്പത്ത് എം.പി. മുഖ്യപ്രഭാഷണം നടത്തും. മേള ഭാരവാഹികളായ മനേഷ് ജി. നായര്‍, എം.പി. വേണുകുമാര്‍, കെ. സന്തോഷ്, വി.എസ്. അരുണ്‍, രാജീവ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



