പാലോട്: നെടുമങ്ങാട് ചന്തയിലെ മത്സ്യ മൊത്തവ്യാപാരിയുടെ മകനെ തട്ടിക്കൊണ്ടുപോയി 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ അഞ്ചു പ്രതികള്‍ അറസ്റ്റിലായി. ചേന്നന്‍പാറ അഫിലഹ് മന്‍സിലില്‍ എസ്. ഷാഫി (26), തേവിയോട് കുണ്ടയം അനീഷ് കോട്ടേജില്‍ എസ്. അജീഷ്‌നാഥ് (24), വിതുര തള്ളച്ചിറ നജീബ് മന്‍സിലില്‍ എന്‍. നസീബ് എന്ന അപ്പു (20), തള്ളച്ചിറ മൈലക്കോണം വിഷ്ണുഭവനില്‍ എസ്. വിഷ്ണു (20), ചന്തമുക്ക് ഗോകുല്‍ എസ്റ്റേറ്റില്‍ ആര്‍. രഞ്ജുഷ് (20) എന്നിവരാണ് അറസ്റ്റിലായത്.
സംഘത്തിലപ്പെട്ട ഒരു സ്ത്രീയും മൂന്നുപേരെയും ഇനി പിടികൂടാനുണ്ട്. നെടുമങ്ങാട് മത്സ്യമാര്‍ക്കറ്റിലെ മൊത്തവ്യാപാരി മഞ്ച, നാജിയാ മന്‍സിലില്‍ നാസ്സറിന്റെ മകന്‍ നൗഫലി(29)നെയാണ് സംഘം ഒരാഴ്ചമുമ്പ് പാലോട്ടു നിന്നും തട്ടിക്കൊണ്ടുപോയത്.
സംഭവത്തെപ്പറ്റി പറയുന്നതിങ്ങനെ: നൗഫലിനെ ഒരു സ്ത്രീയെക്കൊണ്ട് രണ്ടുദിവസം ഫോണില്‍ വിളിപ്പിച്ചു. നന്ദിയോട്ടാണ് വീടെന്നും രാത്രി 7 മണിക്കുശേഷം വീട്ടില്‍വന്നാല്‍ കാണാം എന്നു പറഞ്ഞ് നൗഫലിനെ നന്ദിയോട്ട് വിളിച്ചുവരുത്തി. ആഡംര കാറിലെത്തയ നൗഫലിനെ സംഘാംഗങ്ങളില്‍ ഒരാള്‍ മറ്റൊരു കാറില്‍ കയറ്റി കണ്ണുകെട്ടി തൊളിക്കോട്ടുള്ള ഒരു വീട്ടില്‍ എത്തിച്ചു. തുടര്‍ന്ന് 50 ലക്ഷം തന്നാല്‍ മകനെ വിട്ടയക്കാം എന്ന് പിതാവിനെ ഫോണില്‍ വിളിച്ചറിയിച്ചു.
തുടര്‍ന്ന രണ്ടു വീടുകള്‍ മാറ്റി. കേസെടുത്ത നെടുമങ്ങാട് പോലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതികള്‍ കുടുങ്ങും എന്ന് മനസിലായി. ഇവര്‍ നൗഫലിനെ വീടിന് സമീപത്ത് കൊണ്ടിറക്കിവിട്ടു. തുടര്‍ന്ന് പോലീസ് അന്വേഷിച്ചപ്പോഴും പ്രതികളെപ്പറ്റി വിവരം ഒന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് നൗഫലിന്റെ മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെപ്പറ്റി സൂചന ലഭിച്ചത്.
മൊബൈല്‍ ഫോണില്‍ കുടുങ്ങും എന്ന് മനസ്സിലാക്കിയ പ്രതികള്‍ സിംകാര്‍ഡുകള്‍ തമിഴ്‌നാട്ടിലേക്കുള്ള ചരക്ക് ലോറിയില്‍ ഉപേക്ഷിച്ചു. ഇത് പിന്നീട് കണ്ടെടുത്തു. യൂത്ത് കോണ്‍ഗ്രസ് നേതാവും പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായി നിന്നിരുന്ന അജീഷ്‌നാഥ് ആണ് പദ്ധതികള്‍ ആസൂത്രണം ചെയ്തത്. സ്വന്തം വീടിനുനേരെ ബോംബെറിഞ്ഞ കേസിലും മുമ്പ് അജീഷ്‌നാഥ് പ്രതിയായിരുന്നു. അയല്‍ക്കാരന്റെ പേരില്‍ കേസെടുക്കാനായി അന്ന് ബോംബെറിയാനായി അജീഷിനെ സഹായിച്ച പ്രതികളേയും ഇന്നലെ അറസ്റ്റ് ചെയ്തു. വിതുര സ്വദേശികളായ രജീഷ്, ജിഗിന്‍, നിതിന്‍ എന്നിവരാണ് ഈ കേസില്‍ അറസ്റ്റിലായത്.
നെടുമങ്ങാട് ഡിവൈ.എസ്.പി. വൈ.ആര്‍. റസ്റ്റം, പാലോട് സി.ഐ. വി.എസ്. പ്രദീപ്കുമാര്‍, പാലോട് എസ്.ഐ. ഡി. ഷിബുകുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അനില്‍കുമാര്‍, സുനില്‍ലാല്‍, എവര്‍ഷൈന്‍, വിനോദ്, രാജേഷ്, സനല്‍കുമാര്‍ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.


